ആലപ്പുഴ–ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി. സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന സർവീസ് ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. സർവീസിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള നേരത്തെയുണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിനായി പുതിയ വോൾവോ സർവീസ് ആരംഭിക്കുന്നത്.

ആലപ്പുഴയിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി അടുത്ത ദിവസം രാവിലെ 5.55ന് ബംഗളൂരുവിലെത്തും.
ബംഗളൂരുവിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെടുന്ന സർവീസ് സേലം, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, തൃശൂർ മണ്ണുത്തി ബൈപ്പാസ്, വൈറ്റില വഴി അടുത്ത ദിവസം രാവിലെ 8 മണിക്ക് ആലപ്പുഴയിലെത്തും. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.
സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ടോയ്ലറ്റ് സൗകര്യം തുടങ്ങിയവയാണ് പുതിയ സർവീസിലെ പ്രധാന പ്രത്യേകതകൾ. യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വാട്ട്സ്ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 9447071021 എന്ന ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കുന്നതും സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റും ഉൾപ്പെടെയുള്ള നടപടികൾ വാട്ട്സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാം. ബുക്കിംഗ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ ചാറ്റിൽ ലഭിക്കും.
പുതിയ സർവീസ് യാഥാർഥ്യമായതോടെ ആലപ്പുഴ–ബംഗളൂരു യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.