You are currently viewing അരൂർ–തുറവൂർ ഉയരപ്പാത: ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നിർമാണം മുന്നോട്ട് പോകൂ

അരൂർ–തുറവൂർ ഉയരപ്പാത: ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നിർമാണം മുന്നോട്ട് പോകൂ

ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്താന്‍ തീരുമാനമായി. ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കറും അരൂര്‍ എം.എല്‍.എയുമായ ഷാനിമോള്‍ ഉസ്മാന്റെ അധ്യക്ഷതയിലായിരുന്നു തീരുമാനം.

പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘമാണ് പരിശോധന നടത്തുക. റോഡിന് സമീപമുള്ള കാനകളുടെ അമിത ഉയരം വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാവൂ എന്നും അവര്‍ നിര്‍ദേശിച്ചു.

തുറവൂര്‍ ജംഗ്ഷന്റെ തെക്കുഭാഗത്ത് അണ്ടര്‍പാസ് നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ദേശീയപാത അതോറിറ്റിയുമായി യോഗം ചര്‍ച്ച ചെയ്തു.

തുറവൂരില്‍ 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് നിന്ന് രണ്ട് ഏക്കര്‍ ഭൂമി കെ.എസ്.ഇ.ബിക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു. സബ്‌സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് വലിയ തോതില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിവെള്ള പൈപ്പുകള്‍ പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ വാട്ടര്‍ അതോറിറ്റി, ദേശീയപാത അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി പരിഹാരം കാണാനും നിര്‍ദേശം നല്‍കി.

അരൂര്‍ മണ്ഡലത്തിലെ തീരദേശ മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള അഞ്ച് കോടി രൂപയുടെ പദ്ധതിയുടെ ഡി.പി.ആര്‍. ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ നിര്‍മാണം സമയബന്ധിതമായി ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുത്തിയതോട്, എഴുപുന്ന, തുറവൂര്‍ പഞ്ചായത്തുകളിലെ തീരദേശ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ചേരിങ്കല്‍, മൂര്‍ത്തിങ്കല്‍, ഹേലാപുരം മേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply