
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജൂലൈ 23-ന് കൊട്ടാരക്കര ഡിപ്പോയിലെ പ്രിയദർശിനി സർവീസ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നതിനിടെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ സ്വകാര്യ ബസിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തതായി കെ.എസ്.ആർ.ടി.സി. അറിയിച്ചു. സംഭവത്തെ തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയും, പൊതുമുതൽ നശീകരണ നിരോധന നിയമം (PDPP Act) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
ഇതിന് പിന്നാലെ ജൂലൈ 24-ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം–പത്തനംതിട്ട എൽ.എസ്. ഓർഡിനറി സർവീസ് ഭരണിക്കാവിൽ ഓടുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യാതൊരു പ്രകോപനവുമില്ലാതെ കെ.എസ്.ആർ.ടി.സി. ഡ്രൈവർ എസ്. രാജീവിനെ മർദിച്ചുവെന്നും കെ.എസ്.ആർ.ടി.സി. വ്യക്തമാക്കി. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
പൊതുഗതാഗത സേവനങ്ങൾ തടസ്സപ്പെടുത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിലവിലുള്ള എല്ലാ നിയമങ്ങളും കർശനമായി പ്രയോഗിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറും അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്നും കെ.എസ്.ആർ.ടി.സി. അഭ്യർഥിച്ചു.