You are currently viewing ഓഡിറ്റിംഗ് സംവിധാനം ക്രമപ്പെടുത്തി നഷ്ടത്തിലുള്ള സഹകരണ ബാങ്കുകളെ ലാഭത്തിലാക്കും: മന്ത്രി എം. ലിജു

ഓഡിറ്റിംഗ് സംവിധാനം ക്രമപ്പെടുത്തി നഷ്ടത്തിലുള്ള സഹകരണ ബാങ്കുകളെ ലാഭത്തിലാക്കും: മന്ത്രി എം. ലിജു

തഴവ: ഓഡിറ്റിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി നഷ്ടത്തിലായ സഹകരണ ബാങ്കുകളെ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. തഴവ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് സഹകരണ പ്രസ്ഥാനങ്ങൾ അനിവാര്യമാണെന്നും സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രങ്ങളാണ് സഹകരണ ബാങ്കുകളെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഡിറ്റ് ഫീസ് സർക്കാർ കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സഹകരണ പ്രസ്ഥാനങ്ങളുടെ പുനരുദ്ധാരണ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഡയറക്ടർ ബോർഡുകളിൽ ബാങ്കിംഗ്, സാമ്പത്തിക രംഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്താവുന്നതാണെന്നും അദ്ദേഹം നിർദേശിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനും കുടിശിക ഈടാക്കൽ കാര്യക്ഷമമാക്കുന്നതിനുമായി സഹകരണ ബാങ്കുകൾ ഒറ്റത്തവണ തീർപ്പാക്കൽ (One Time Settlement) പദ്ധതി നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങിൽ സി. ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുജ, വൈസ് പ്രസിഡന്റ് നിസാം തോപ്പിൽ തറയിൽ, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ, തഴവ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിജു, സുമ, അമ്പിളി, തഴവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാവുമ്പ ബി. അനിൽ, വിവിധ സർവീസ് സഹകരണ ബാങ്കുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply