
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലമുള്ള ദുരന്തങ്ങളിൽ ഇതുവരെ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ടെന്നും 13 പേർക്ക് പരിക്കേറ്റതായും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ദുരിതബാധിതരുടെ സംരക്ഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ മുഴുവൻ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി സ്ഥിതിഗതികൾ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും നിരന്തരം വിലയിരുത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസകരമാണെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയെ തുടർന്ന് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിൽ 5,792 പേരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും ഇതിൽ സജീവമായി പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയുടെ തോത് കുറഞ്ഞെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ സാഹചര്യങ്ങളിലും പൊതുജനങ്ങൾ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.