
മാവേലിക്കര: യുവജനങ്ങൾക്കായി സംഗീതത്തിന്റെയും ആത്മീയതയുടെയും സമന്വയത്തോടെ സംഘടിപ്പിക്കുന്ന ‘അവേക്ക് പ്രൈസ് പാർട്ടി 2026’ ഇന്ന് (ജൂലൈ 30) വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ ശൂരനാട് സെന്റ് ജോസഫ് ഫൊറോന തീർഥാടന ദേവാലയത്തിൽ നടക്കും.
മാവേലിക്കര രൂപതയിലെ കടമ്പനാട് ക്ലെറിക്കൽ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് (MCYM) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രശസ്ത ആത്മീയ പ്രഭാഷകരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. നാല് മണിക്കൂർ നീളുന്ന സംഗീതാത്മക ദിവ്യാരാധന, ആത്മീയ സന്ദേശങ്ങൾ, യുവജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്.
ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും യുവജനങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.