You are currently viewing കേരളത്തിന്റെ ടൂറിസം-സാംസ്കാരിക വികസനത്തിന് കേന്ദ്രത്തിന് മുന്നിൽ സമഗ്ര നിർദേശങ്ങൾ; കേന്ദ്രമന്ത്രിയെ കണ്ടു കൊടിക്കുന്നിൽ സുരേഷ് എംപി

കേരളത്തിന്റെ ടൂറിസം-സാംസ്കാരിക വികസനത്തിന് കേന്ദ്രത്തിന് മുന്നിൽ സമഗ്ര നിർദേശങ്ങൾ; കേന്ദ്രമന്ത്രിയെ കണ്ടു കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി: കേരളത്തിന്റെ ടൂറിസം, സാംസ്കാരിക, പൈതൃക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്നെ സന്ദർശിച്ച് വിവിധ വികസന പദ്ധതികൾ സംബന്ധിച്ച വിശദമായ നിവേദനങ്ങൾ സമർപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

കേരളത്തിന്റെ തനത് പൈതൃകവും കലാസാംസ്കാരിക പാരമ്പര്യവും ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയും വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് എംപി വ്യക്തമാക്കി.

യുനെസ്കോ-എഫ്എഒ അംഗീകാരം നേടിയ കുട്ടനാട് ജിഐഎഎച്ച്എസ് (GIAHS) മേഖലയെ UN Tourism Best Tourism Villages Programme-ലേക്ക് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ശുപാർശ ചെയ്യുക, കഥകളിയുടെ ജന്മനാടായ കൊട്ടാരക്കരയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള Centre of Excellence for Kathakali സ്ഥാപിക്കുക, മാവേലിക്കര ബുദ്ധ ജംഗ്ഷനെ ദേശീയ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക, ആനയടി പൂരത്തിന് ദേശീയ ടൂറിസം ഉത്സവ പദവി നൽകുക, നീലംപേരൂർ പടയണിയെ ദേശീയ സാംസ്കാരിക-പൈതൃക ടൂറിസം ഉത്സവമായി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലെ പ്രധാന നിർദേശങ്ങൾ.

കൂടാതെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് സെൻട്രൽ ട്രാവൻകൂർ സ്പിരിച്വൽ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുക, മാന്നാർ ബെൽ മെറ്റൽ വ്യവസായത്തിന് പ്രത്യേക വികസന പദ്ധതി നടപ്പാക്കുക, രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സുമായി സഹകരിച്ച് മാവേലിക്കരയിൽ Centre of Excellence for Fine Arts സ്ഥാപിക്കുക എന്നീ നിർദേശങ്ങളും കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

ഓരോ നിർദേശവും വിശദമായി പരിശോധിച്ച കേന്ദ്രമന്ത്രി കേരളത്തിന്റെ ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പദ്ധതികൾക്കായി വിശദമായ ഡിപിആർ (DPR) ഉൾപ്പെടെയുള്ള സമഗ്ര പ്രൊപ്പോസലുകൾ സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നേരിട്ട് നടപ്പാക്കാൻ കഴിയുന്ന പദ്ധതികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ആവശ്യമായ പദ്ധതികൾ കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെടുത്തി നടപ്പാക്കാനുള്ള സാധ്യതകൾ ഗൗരവമായി പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി എംപി അറിയിച്ചു. സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന നിർദേശങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കലാ-സാംസ്കാരിക രംഗത്തിനും പുതിയ ഉണർവ് നൽകുന്നതോടൊപ്പം പൈതൃക സംരക്ഷണം, തൊഴിലവസര സൃഷ്ടി, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, ഗ്രാമീണ ടൂറിസം വികസനം, അന്തർദേശീയ തലത്തിൽ കേരളത്തിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കൽ എന്നിവയ്ക്കും നിർണായകമാകുമെന്ന പ്രതീക്ഷയാണ് എംപി പങ്കുവെച്ചത്. കേരളത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply