തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽവെച്ച് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
തിരുവനന്തപുരം മേയർ വി.വി. രാജേഷ് ജയിലിലെത്തി ആർ. സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു ജനപ്രതിനിധി ജയിലിനുള്ളിൽവെച്ച് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യമായാണ്.
ആദ്യം നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിനെ തുടർന്നാണ് നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ കോടതി അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂർ സെൻട്രൽ ജയിലിൽ പ്രത്യേക ക്രമീകരണങ്ങളോടെ ചടങ്ങ് സംഘടിപ്പിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, ജയിലിൽ തുടരുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർ. സുഗതൻ മേയർക്ക് അപേക്ഷയും സമർപ്പിച്ചു.
ഹൈക്കോടതിയുടെ അനുമതിയോടെ ജയിലിൽ നടന്ന ഈ സത്യപ്രതിജ്ഞ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ശ്രദ്ധേയമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.