കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നതായി ദൃശ്യം പുറത്തുവന്ന സംഭവത്തിൽ സിവിൽ എക്സൈസ് ഓഫീസർ നിധിൻ രാജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾ പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയും ലഭിച്ചു. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണറുടെ (എൻഫോഴ്‌സ്‌മെന്റ്) നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിധിൻ രാജ് കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉടൻ നടപടിയെടുത്ത് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ എക്സൈസ് കമ്മീഷണർ ഉത്തരവിട്ടു.
ലഹരി ശൃംഖലകൾക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. അഴിമതിക്കെതിരെ ‘സീറോ ടോളറൻസ്’ (Zero Tolerance) നയമാണ് തുടർന്നും കർശനമായി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.