
ചെന്നൈ: തമിഴ്നാട്ടിലെ മദുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഭരണകക്ഷിയായ ടിവികെയുടെ നടപടികളുടെ ഫലമാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനാധിപത്യം തന്നെ മരിച്ചുപോയതിനാലാണ് അടുത്ത മാസം ആറിന് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മദുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ വോട്ടർമാർ ഒക്ടോബർ ആറിന് ഡിഎംകെയ്ക്ക് വോട്ട് ചെയ്ത് ടിവികെയ്ക്ക് ഉചിതമായ മറുപടി നൽകണമെന്ന് സ്റ്റാലിൻ ആഹ്വാനം ചെയ്തു.

ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് സ്വാഭാവികമായി ഉണ്ടായതാണോയെന്നും അദ്ദേഹം ചോദിച്ചു. ‘‘ഇത് അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പാണ്. മറ്റ് പാർട്ടികളായ എഐഎഡിഎംകെയിലൂടെ വിജയിച്ച അംഗങ്ങളെ രാജിവെപ്പിക്കാൻ ടിവികെ എത്രത്തോളം ധാർഷ്ട്യം കാണിച്ചിരിക്കണം. അവരുടെ വിരലിലെ മഷി പോലും മായുന്നതിന് മുമ്പാണ് രാജി ആവശ്യപ്പെട്ടത്’’ എന്നായിരുന്നു സ്റ്റാലിന്റെ വിമർശനം.
ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ടിവികെയെതിരെ രാഷ്ട്രീയ വിമർശനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാലിന്റെ പരാമർശങ്ങൾ.