
കോട്ടയം: അർബുദ ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അവർ ചികിത്സയിലുള്ളത്.രേണുവിന്റെ സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെ.ബി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

അഞ്ചാമത്തെ കീമോതെറാപ്പിക്ക് ശേഷം രേണുവിന്റെ ശാരീരികാവസ്ഥ വല്ലാതെ മോശമായി. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞതും ശരീരം തളർന്നതും കാരണം ഇനിയൊരു കീമോതെറാപ്പി കൂടി താങ്ങാനുള്ള ശേഷി അവർക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അത്രയും വലിയ റിസ്ക് എടുക്കാനാവില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

അഞ്ചാം കീമോയ്ക്ക് ശേഷം പച്ചവെള്ളം പോലും കുടിക്കാനാകാത്ത വിധം കടുത്ത ഛർദ്ദിയും ശാരീരിക വേദനയും രേണു അനുഭവിക്കുന്നുണ്ട്. കൃത്രിമമായി ആഹാരം നൽകുന്നതിനായി ശരീരത്തിൽ ‘പിക് ലൈൻ’ ഘടിപ്പിച്ചിട്ടുണ്ട്.
നാലാമത്തെ കീമോ കഴിഞ്ഞപ്പോൾ തന്നെ കടുത്ത തളർച്ച അനുഭവപ്പെട്ടിരുന്നതായും, കുട്ടിക്കാലം മുതലുള്ള അനീമിയ കാരണം ഹീമോഗ്ലോബിൻ അളവ് വല്ലാതെ താഴാറുണ്ടായിരുന്നതായും രേണു തന്നെ മുൻപ് ഒരു വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
രേണുവിന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് ഈ വിവരങ്ങൾ പുറത്തുവിടുന്നതെന്ന് ശാരിക പറഞ്ഞു. പ്രിയതാരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.