You are currently viewing ചാവക്കാട് കോടതിക്ക് പുതിയ മുഖം; 38 കോടി രൂപയുടെ ആധുനിക കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും

ചാവക്കാട് കോടതിക്ക് പുതിയ മുഖം; 38 കോടി രൂപയുടെ ആധുനിക കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും

നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുതിയ മുഖം. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച അഞ്ച് നിലകളുള്ള പുതിയ കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് നിർവഹിക്കും.

കേരളത്തിലെ ഏറ്റവും വലിയ സിവിൽ, ക്രിമിനൽ അധികാരപരിധികളിലൊന്നുള്ള ചാവക്കാട് കോടതിക്ക് 150 വർഷത്തിലേറെ പഴക്കമുള്ള ചെറിയ കെട്ടിടങ്ങളാണ് നിലവിലുണ്ടായിരുന്നത്. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കോടതി പ്രവർത്തനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കോടതി സമുച്ചയത്തിനായുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചത്. വിവിധ തടസ്സങ്ങൾ മറികടന്നാണ് 38 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം യാഥാർഥ്യമായത്.

50,084 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ സ്പെഷൽ ബിൽഡിംഗ്സ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. ഗ്രൗണ്ട് ഫ്ലോറിൽ ജെ.എഫ്.സി.എം കോടതി, രണ്ടാം നിലയിൽ പോക്സോ കോടതി, മൂന്നാം നിലയിൽ മുൻസിഫ് കോടതി, നാലാം നിലയിൽ സബ് കോടതി, അഞ്ചാം നിലയിൽ ജെ.എഫ്.സി.എം കോടതി എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബാർ അസോസിയേഷൻ ഹാൾ, ക്ലാർക്ക് അസോസിയേഷൻ ഹാൾ എന്നിവയ്ക്കു പുറമെ ഓരോ നിലയിലും ആവശ്യമായ ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോടതിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനായി 25.16 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽനിന്ന് ചെലവഴിച്ച് ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 25.85 ലക്ഷം രൂപ കോടതി ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്.

ചാവക്കാട് കോടതിയുടെ അധികാരപരിധി വളരെ വിപുലമാണ്. ആറ് പൊലീസ് സ്റ്റേഷനുകൾ, മൂന്ന് റേഞ്ചുകളും രണ്ട് സർക്കിൾ പരിധികളുമുള്ള എക്സൈസ് സ്റ്റേഷനുകൾ, രണ്ട് ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവയുടെ കേസുകൾ കോടതിയുടെ പരിധിയിൽ വരുന്നു. ഈ സ്റ്റേഷനുകളിലായി പ്രതിവർഷം 10,000ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഇതിനുപുറമെ 10,000ത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നുമുണ്ട്.

41 വില്ലേജുകളുടെ അധികാരപരിധിയുള്ള കേരളത്തിലെ ഏക സിവിൽ കോടതിയാണ് ചാവക്കാട് കോടതി. ക്രിമിനൽ, സിവിൽ കോടതികളുടെ പരിധിയിൽ ഏകദേശം 60 കിലോമീറ്റർ ദൈർഘ്യമുള്ള ജനസാന്ദ്രതയേറിയ തീരദേശമേഖലയും ഉൾപ്പെടുന്നു. ഗുരുവായൂർ, മണലൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിലുണ്ട്.

പുതിയ കോടതി സമുച്ചയം യാഥാർഥ്യമായതോടെ ജഡ്ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷത്തിൽ നിയമനടപടികൾ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.

Leave a Reply