
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭാ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് പ്രൗഢമായി നടന്നു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു സമാപന സമ്മേളനം. 25 വർഷത്തെ മെത്രാൻ ശുശ്രൂഷയും സഭയ്ക്കും സമൂഹത്തിനും നൽകിയ നേതൃത്വവും സേവനവും ആദരിക്കുന്നതിനായാണ് രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വി. ഡി. സതീശൻ, പരിപാടിയിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി എന്ന നിലയിലല്ലെന്നും ക്ലീമിസ് ബാവയുടെ ഒരു സഹോദരനായിട്ടാണെന്നും വ്യക്തമാക്കി. ബാവയുമായുള്ള വ്യക്തിപരമായ അടുപ്പവും സ്നേഹബന്ധവും അനുസ്മരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
താൻ എപ്പോൾ ബാവയെ സന്ദർശിച്ചാലും സ്നേഹവാത്സല്യങ്ങളോടെയാണ് സ്വീകരിക്കാറുള്ളതെന്ന് സതീശൻ പറഞ്ഞു. ജീവിതത്തിലെ വിവിധ പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസവും ഊർജ്ജവും ബാവയിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ പിൻഗാമിയായി മലങ്കര കത്തോലിക്കാ സഭയെ നിരവധി പ്രയാസകരമായ ഘട്ടങ്ങളിലൂടെ വിജയകരമായി നയിച്ച വ്യക്തിയാണ് ക്ലീമിസ് ബാവയെന്ന് സതീശൻ പറഞ്ഞു. സഭയുടെ ആത്മീയവും സാമൂഹികവുമായ യാത്രയിൽ നിർണായകമായ നേതൃത്വം നൽകിയ അദ്ദേഹം സമൂഹത്തിനാകെ വഴികാട്ടിയാണെന്നും സതീശൻ വിശേഷിപ്പിച്ചു.
ബാവയുടെ സാന്നിധ്യം മനുഷ്യരിൽ സ്നേഹവും സൗഹൃദവും ഐക്യവും വളർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്ലീമിസ് ബാവ പോകുന്നിടത്തെല്ലാം വെളിച്ചവും സ്നേഹവും പരത്തുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകൾ മനുഷ്യരെ പരസ്പര സൗഹൃദത്തിലേക്കും സ്നേഹത്തിലേക്കും നയിക്കുന്നു. ബാവയുടെ ഹൃദയത്തിൽ ദൈവിക സാന്നിധ്യമുണ്ടെന്നും ദൈവത്തിന്റെ വെളിച്ചം അദ്ദേഹത്തിലൂടെ പ്രകാശിക്കുന്നുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പ്രസംഗത്തിനിടെ ബൈബിളിലെ ഏശയ്യാ പ്രവചനത്തിലെ 60-ാം അധ്യായത്തിലെ വചനങ്ങൾ മനപ്പാഠമായി ചൊല്ലിയതും സദസ്സിന്റെ ശ്രദ്ധ നേടി.
ക്ലീമിസ് ബാവയുടെ മെത്രാഭിഷേകം 2001 ഓഗസ്റ്റ് 15ന് തിരുമൂലപുരം പള്ളി മുറ്റത്തായിരുന്നു. കാൽനൂറ്റാണ്ട് നീണ്ട മെത്രാൻ ശുശ്രൂഷയുടെ ഭാഗമായി സഭാ തലത്തിലും രാജ്യത്തിനകത്തും വിദേശത്തുമായി വിവിധ ജൂബിലി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വത്തിക്കാനിലും യൂറോപ്പ്-യുകെ കൺവൻഷന്റെ ഭാഗമായി ബാവയ്ക്ക് ആദരമർപ്പിച്ചിരുന്നു.
ജൂബിലിയുടെ ഭാഗമായി ജന്മനാടായ മുക്കൂരിലും പ്രത്യേക പരിപാടികൾ നടന്നിരുന്നു. മാതൃഇടവകയായ സെന്റ് ജോസഫ് ദേവാലയത്തിൽ കൃതജ്ഞതാ കുർബാന, ജൂബിലി ഭവനങ്ങളുടെ കൂദാശയും താക്കോൽദാനവും, പൗരസ്വീകരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
തിരുവനന്തപുരം സമാപന ചടങ്ങിൽ വിവിധ മത-സഭാ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ മുഖ്യാതിഥിയായിരുന്നു. ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മാ സഭാ തലവൻ ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു.
സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളിൽ കർദിനാൾ ക്ലീമിസ് ബാവ നടത്തിയ 25 വർഷത്തെ സേവനത്തിനും നേതൃത്വത്തിനുമുള്ള ആദരമായി മാറിയ ചടങ്ങിൽ, മതസൗഹാർദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവും ഉയർന്നു.