You are currently viewing ഓണാഘോഷത്തിനിടെ ഡ്രസ് കോഡ് തർക്കം; മാതമംഗലത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

ഓണാഘോഷത്തിനിടെ ഡ്രസ് കോഡ് തർക്കം; മാതമംഗലത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

കണ്ണൂർ: മാതമംഗലം ജി.എച്ച്.എസ്.എസ്. (CPNS GHSS) സ്കൂളിലെ ഓണാഘോഷത്തിനിടെ ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കം വിദ്യാർത്ഥികൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

ഓണാഘോഷ പരിപാടികൾക്കായി നിശ്ചയിച്ചിരുന്ന വസ്ത്രധാരണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് വിവരം. ഒരേ വസ്ത്രം ധരിച്ച് ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ട തർക്കവും പിന്നീട് അടിപിടിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

സ്കൂൾ ക്യാമ്പസിനുള്ളിൽ ആരംഭിച്ച വാക്കുതർക്കം പിന്നീട് പുറത്തേക്കും മാതമംഗലം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതായാണ് വിവരം.

പൊതുനിരത്തിൽ നടന്ന സംഘർഷത്തിനിടെ റോഡിൽ വീണ് ചില വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. പലരുടെയും ഓണവസ്ത്രങ്ങൾ കീറിപ്പോയി. സംഘർഷം തടയാൻ ശ്രമിച്ച ചില രക്ഷിതാക്കൾക്കും മർദനമേറ്റതായി പരാതിയുണ്ട്.

തുടർന്ന് നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ഇടപെട്ടാണ് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി സംഘർഷം അവസാനിപ്പിച്ചത്.

വിദ്യാർത്ഥികൾ പൊതുനിരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്.

സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

Leave a Reply