
ന്യൂഡൽഹി: നീറ്റ്-യുജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി 26 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് സമരം അവസാനിപ്പിച്ചതിന് പിന്നാലെ കോൺഗ്രസും ബിജെപിയും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ പോര്.
ജൂൺ 28ന് ആരംഭിച്ച നിരാഹാര സമരം ജൂലൈ 23ന് രാത്രി ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിൽ വെച്ചാണ് വാങ്ചുക് അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ചകൾക്ക് പിന്നാലെ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും, പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും, വിദ്യാഭ്യാസ പരിഷ്കാരങ്ങളും ഉത്തരവാദിത്തവും സംബന്ധിച്ച് പാർലമെന്റിൽ ചർച്ച നടത്തുമെന്നും കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
സമരം അവസാനിപ്പിച്ച ശേഷം “വിശപ്പിന്റെ അവസാനം… ഉത്തരവാദിത്തത്തിന്റെ തുടക്കം” എന്നാണ് വാങ്ചുക് പ്രതികരിച്ചത്. എന്നാൽ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാനുണ്ടെന്നും വിദ്യാർഥികളുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് വാങ്ചുക്കിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. കേന്ദ്ര സർക്കാരുമായി അദ്ദേഹം “വ്യക്തിപരമായ ധാരണ”യിലെത്തിയെന്നാണ് മസൂദിന്റെ ആരോപണം. 2011ലെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അണ്ണാ ഹസാരെയുമായി താരതമ്യം ചെയ്ത അദ്ദേഹം വാങ്ചുക്കിനെ “അണ്ണാ ഹസാരെ പാർട്ട് 2” എന്നും വിശേഷിപ്പിച്ചു. ചർച്ചകളിൽ വിദ്യാർഥികളുടെ സാന്നിധ്യമില്ലായിരുന്നുവെന്നും, കൂട്ടായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം വ്യക്തിപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ് നിരാഹാരം അവസാനിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
ഇതിന് പിന്നാലെ ബിജെപി കോൺഗ്രസിനെതിരെ ശക്തമായ തിരിച്ചടിയുമായി രംഗത്തെത്തി. കോൺഗ്രസ് വാങ്ചുക്കിനെ അപകീർത്തിപ്പെടുത്തുകയാണെന്നും, സർക്കാരിന്റെ ചർച്ചാ ശ്രമത്തെയും ഉറപ്പുകളെയും സ്വാഗതം ചെയ്യുന്നതിന് പകരം രാഷ്ട്രീയ നേട്ടത്തിനായി വിമർശനം ഉന്നയിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. നിരാഹാര സമരകാലത്ത് കോൺഗ്രസ് നേതാക്കളോ രാഹുൽ ഗാന്ധിയോ വാങ്ചുക്കിനെ സന്ദർശിച്ചില്ലെന്നും ഇപ്പോൾ വിമർശിക്കുന്നത് ആത്മാർത്ഥതയില്ലായ്മയുടെ തെളിവാണെന്നും ബിജെപി കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷാ വിവാദം രാജ്യത്ത് വലിയ രാഷ്ട്രീയ വിഷയമായി തുടരുന്നതിനിടെയാണ് വാങ്ചുക്കിന്റെ സമരാവസാനവും അതിനെച്ചൊല്ലിയുള്ള പുതിയ രാഷ്ട്രീയ ഏറ്റുമുട്ടലും ശ്രദ്ധേയമാകുന്നത്. അതേസമയം, കേന്ദ്ര സർക്കാരിന്റെ ഉറപ്പുകൾ പര്യാപ്തമല്ലെന്ന നിലപാടിൽ ചില വിദ്യാർഥി സംഘടനകൾ പ്രതിഷേധം തുടരുന്നുണ്ട്.