You are currently viewing പൊതുനിരത്തിലേക്ക് മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് സസ്പെൻഡ്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പൊതുനിരത്തിലേക്ക് മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് സസ്പെൻഡ്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ചുമത്താനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി.

റോഡിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രികർക്കും കാൽനടയാത്രികർക്കും വലിയ ബുദ്ധിമുട്ടും അപകടസാധ്യതയും സൃഷ്ടിക്കുന്ന രീതിയിൽ മീൻവണ്ടികളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇത്തരം മലിനജലം റോഡിൽ പരക്കുന്നത് വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ സംഭവിക്കാൻ ഇടയാക്കുന്നതിനൊപ്പം ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിലെ മലിനജലം പ്രത്യേക ടാങ്കുകളിൽ തന്നെ ശേഖരിച്ച്, ശാസ്ത്രീയ സംസ്കരണ സൗകര്യമുള്ള സ്ഥലങ്ങളിൽ മാത്രം ഒഴുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പൊതുനിരത്തിന്റെ ശുചിത്വവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നടപടി ശക്തമാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

റോഡ് സുരക്ഷയും പൊതുജനാരോഗ്യവും മുൻനിർത്തി നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും കർശന നടപടികളും തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Leave a Reply