
കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷാ ഘടനയിൽ മോട്ടോർ വാഹന വകുപ്പ് (MVD) സുപ്രധാന മാറ്റങ്ങൾ വരുത്തി. ഇനി മുതൽ ലൈസൻസ് സ്വന്തമാക്കാൻ ലേണേഴ്സ് ടെസ്റ്റിന് ശേഷം ‘ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്’ കൂടി നിർബന്ധമായും പാസാകേണ്ടിവരും.

യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ ഇന്ത്യയിൽ ആദ്യമായാണ് ഈ പരീക്ഷ കേരളത്തിൽ നടപ്പിലാക്കുന്നത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാർക്ക് അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ശേഷി ഉറപ്പുവരുത്തുന്നതിനുമാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു.

കമ്പ്യൂട്ടർ അധിഷ്ഠിതമായി വീഡിയോ ഗെയിം മാതൃകയിലാണ് പരീക്ഷ നടക്കുക. ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകൾ പരീക്ഷയിൽ കാണിക്കും. റോഡിലൂടെ വാഹനം ഓടിച്ചുപോകുമ്പോൾ ഉണ്ടാകാനിടയുള്ള തടസ്സങ്ങളും അപകടസാധ്യതകളുമാണ് ഇതിൽ ഉൾപ്പെടുക. വീഡിയോയിൽ അപകടസാധ്യത കാണുമ്പോൾ പരീക്ഷാർത്ഥി കൃത്യസമയത്ത് മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം.
ആകെ 100 മാർക്കിന്റെ പരീക്ഷയിൽ കൃത്യസമയത്ത് പ്രതികരിച്ചാൽ ഓരോ ക്ലിപ്പിനും പൂർണ്ണ മാർക്ക് (10 മാർക്ക് വീതം) ലഭിക്കും. പ്രതികരണം വൈകുംതോറും മാർക്ക് കുറയും. പരീക്ഷ പാസാകാൻ കുറഞ്ഞത് 60 മാർക്ക് നേടേണ്ടതുണ്ട്. ഈ ടെസ്റ്റ് ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് യോഗ്യത നേടാനാകൂ.
പുതിയ മാറ്റത്തോടെ ഡ്രൈവിംഗ് ടെസ്റ്റ് നാല് ഘട്ടങ്ങളായി മാറും. ഓൺലൈൻ ലേണേഴ്സ് ടെസ്റ്റാണ് ഒന്നാം ഘട്ടം. ലേണേഴ്സ് പാസായി 30 ദിവസത്തിന് ശേഷം നടത്തുന്ന ഹസാഡ് പെർസെപ്ഷൻ ടെസ്റ്റാണ് രണ്ടാം ഘട്ടം. ‘H’ അടക്കമുള്ള ഗ്രൗണ്ട് ടെസ്റ്റാണ് മൂന്നാം ഘട്ടം. അവസാനമായി റോഡ് ടെസ്റ്റോടെ ലൈസൻസ് നടപടികൾ പൂർത്തിയാകും