
ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിലപാട് മയപ്പെടുത്തിയെന്ന് ആരോപിച്ച് ഡി.എം.കെ രംഗത്ത്. ഓഗസ്റ്റ് 21ന് നടന്ന നിയമസഭാ ചർച്ചയിലും വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരാണ് ഉണ്ടായത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടായതെന്നാണ് ഡി.എം.കെ ആരോപിക്കുന്നത്.

നേരത്തെ, വിജയ് സർക്കാരിന്റെ നേതൃത്വത്തിൽ തമിഴ്നാട് നിയമസഭ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തണമെന്നും, 1971ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിലുള്ള നിലവിലെ സീറ്റ് വിഹിതം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഓഗസ്റ്റ് 12ന് പാസാക്കിയ പ്രമേയം മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം കുറയാനുള്ള സാധ്യതയെ ശക്തമായി എതിർത്തിരുന്നു.
എന്നാൽ ഓഗസ്റ്റ് 20ന് അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ വിജയ് സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജനസംഖ്യ നിയന്ത്രണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യത്തിൽ ആനുപാതികമായി കുറവുണ്ടാകില്ലെന്ന് കേന്ദ്രത്തിൽ നിന്ന് വ്യക്തമായ ഉറപ്പ് വേണമെന്നാണ് വിജയ് യോഗത്തിൽ ആവശ്യപ്പെട്ടത്. ജനസംഖ്യയെ പ്രധാന മാനദണ്ഡമാക്കി മണ്ഡല പുനർനിർണയം നടത്തുന്നതിനെ പൂർണമായി എതിർക്കുന്നതിൽ നിന്ന് ‘നീതിപൂർവമായ നടപ്പാക്കൽ’ ആവശ്യപ്പെടുന്ന നിലയിലേക്ക് നിലപാട് മാറിയെന്നാണ് ഡി.എം.കെ ആരോപണം.
‘ഒരു ആഴ്ചയ്ക്കുള്ളിൽ നിലപാടിൽ യു-ടേൺ’ എന്നാണ് ഡി.എം.കെ വിമർശിച്ചത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മാറ്റമുണ്ടായതെന്നും കേന്ദ്രസർക്കാരിന്റെ സമ്മർദത്തിന്റെ ഫലമാണിതെന്നുമുള്ള ആരോപണങ്ങളും ഉയർന്നു.
അതേസമയം, വിജയിന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് ടി.വി.കെ വിശദീകരണം. തമിഴ്നാടിന് നിലവിലുള്ള ലോക്സഭാ പ്രാതിനിധ്യം സംരക്ഷിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും, സംസ്ഥാനത്തിന്റെ 7.18 ശതമാനം വരുന്ന നിലവിലെ സീറ്റ് വിഹിതം കുറയാൻ അനുവദിക്കില്ലെന്നും ടി.വി.കെ വ്യക്തമാക്കി.
ഡീലിമിറ്റേഷൻ വിഷയത്തിൽ എ.ഐ.എ.ഡി.എം.കെയും സർക്കാരിനെ വിമർശിച്ചു. ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിട്ടുനിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അതിന്റെ പേരിൽ പാർലമെന്റിലെ സ്വാധീനം നഷ്ടപ്പെടുമെന്ന ആശങ്കയാണ് തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുന്നത്.
ലോക്സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട കേന്ദ്രനീക്കങ്ങൾക്കിടെ, നിലവിലെ 543 സീറ്റുകൾ നിലനിർത്തണമോ, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സീറ്റ് പുനർവിതരണം നടത്തണമോ എന്നത് തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാന തർക്കവിഷയമായി തുടരുകയാണ്.