കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ (കെഎസ്ഇബി) പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം.ജി. രാജമാണിക്യം ഐഎഎസ് ചുമതലയേറ്റു. 2008 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്നാട്ടിലെ മധുരൈ സ്വദേശിയാണ്.
എഞ്ചിനീയറിങ്, പൊതുനയം, ഭരണനിർവഹണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ അക്കാദമികവും ഔദ്യോഗികവുമായ മികവ് പുലർത്തിയിട്ടുള്ള ഡോ. രാജമാണിക്യം, അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ മെഡലോടെ എം.ഇ. ബിരുദവും ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ നിരവധി മാതൃകാപരമായ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കുളങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ ‘എന്റെ കുളം എറണാകുളം’ പദ്ധതിയും, ദുരന്തനിവാരണവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് ആരംഭിച്ച ‘അൻപോട് കൊച്ചി’ പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരുന്നു.
സേവന മികവിനുള്ള അംഗീകാരമായി കേരള സർക്കാരിന്റെ മികച്ച ജില്ലാ കളക്ടർ പുരസ്കാരം, യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (UNDP) ‘ബെസ്റ്റ് പ്രാക്ടീസ് ഇൻ യൂത്ത് വോളന്റിയറിംഗ്’ പുരസ്കാരം, യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ‘ജലമിത്രം’ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ സ്ഥാനത്തിന് പുറമെ സംസ്ഥാന സർക്കാരിന്റെ വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പുകളുടെ സെക്രട്ടറിയായും ദേവസ്വം സെക്രട്ടറിയായും ഡോ. എം.ജി. രാജമാണിക്യം നിലവിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഊർജമേഖലയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി മേഖല.