തിരുവനന്തപുരം: പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെ തുടർന്ന് രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വലിയ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി കെ.എസ്.ഇ.ബി. അറിയിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണിവരെ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരികെ നൽകേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ഉറപ്പാക്കാൻ കെ.എസ്.ഇ.ബി. ശ്രമിച്ചിരുന്നുവെങ്കിലും രാജ്യവ്യാപകമായ വൈദ്യുതി ക്ഷാമം കാരണം അത് വിജയിച്ചില്ല.
സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ മൺസൂൺ എത്തിയെങ്കിലും പ്രതീക്ഷിച്ച തോതിൽ മഴ ലഭിക്കാത്തതിനാൽ അന്തരീക്ഷ താപനിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഇതോടെ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നു. 4,100 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് 4,900 മെഗാവാട്ട് വരെ ഉയരുന്ന സാഹചര്യമാണുള്ളത്. പ്രതിദിന വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനമായ 1,700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള 1,701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന 612 മെഗാവാട്ടും പൂർണമായി ലഭിക്കുന്നുണ്ടെങ്കിലും ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയും അഞ്ച് ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ജൂൺ 16-ന് രാത്രി 9 മണി മുതൽ 12 മണിവരെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സാഹചര്യം വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്യുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പവർ സെക്രട്ടറിയും കെ.എസ്.ഇ.ബി. ചെയർമാനുമായ ഡോ. എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് കൂടുതൽ രൂക്ഷമാകുന്ന പക്ഷം വൈദ്യുതി ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ഇ.ബിക്ക് യോഗം അനുമതി നൽകിയതായും അധികൃതർ അറിയിച്ചു.
ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ പരമാവധി മിതത്വം പാലിക്കണമെന്നും പീക്ക് സമയങ്ങളിലെ അനാവശ്യ ഉപയോഗം ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി. അഭ്യർഥിച്ചു.