
തിരുവനന്തപുരം: പന്ത്രണ്ടാം ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക, ആർജിതാവധി പണമാക്കി മാറ്റുന്നതിനുള്ള ആനുകൂല്യം എന്നിവയുടെ കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിക്കണമെന്നും എഫ്.എസ്.ഇ.ടി.ഒ. ആവശ്യപ്പെട്ടു. സംഘടനാ പ്രസിഡന്റ് ടി.കെ.എ. ഷാഫിയും ജനറൽ സെക്രട്ടറി എം.വി. ശശിധരനുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് എഫ്.എസ്.ഇ.ടി.ഒ. ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് 2024 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിനായി മുൻ എൽ.ഡി.എഫ്. സർക്കാർ കമ്മീഷനെ നിയോഗിക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന ഘട്ടത്തിലും ജീവനക്കാരുടെയും അധ്യാപകരുടെയും പ്രക്ഷോഭങ്ങളുടെയും സർക്കാരിന്റെ പ്രതിബദ്ധതയുടെയും ഫലമായി ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക, അഷ്വേർഡ് പെൻഷൻ, ഭവനനിർമാണ വായ്പ എന്നിവ അനുവദിക്കാൻ തീരുമാനമെടുത്തിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. പ്രഖ്യാപനങ്ങൾക്കൊപ്പം ആവശ്യമായ തുക ബജറ്റിൽ വകയിരുത്തുകയും ചെയ്തിരുന്നു.
എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെ സിവിൽ സർവീസ് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയാണെന്ന പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എഫ്.എസ്.ഇ.ടി.ഒ. ആരോപിച്ചു. മേയ് 29-ലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ജൂൺ നാലിന് പുറത്തിറക്കിയ ധവളപത്രവും ഇതിന്റെ ഭാഗമാണെന്നാണ് സംഘടനയുടെ വിമർശനം. പത്തുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം മതിയെന്ന വാദവും ഉയർന്നുവന്നതായി സംഘടന ചൂണ്ടിക്കാട്ടി.
ജൂൺ 19-ന് അവതരിപ്പിച്ച ബജറ്റിൽ ശമ്പള പരിഷ്കരണവും ആർജിതാവധി പണമാക്കി മാറ്റുന്നതിനുള്ള ആനുകൂല്യവും അനുവദിച്ചാൽ സംസ്ഥാനം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് എഫ്.എസ്.ഇ.ടി.ഒ. പറഞ്ഞു. ശമ്പളം, ക്ഷാമബത്ത, പെൻഷൻ എന്നിവയ്ക്കായി മുൻ സർക്കാർ വകയിരുത്തിയ തുകയിൽനിന്ന് 12,203.37 കോടി രൂപ വെട്ടിക്കുറച്ചതായും സംഘടന ആരോപിച്ചു.
സർക്കാരുകൾ മാറിയാലും ഭരണപരമായ ഉത്തരവാദിത്വങ്ങളിൽ തുടർച്ചയുണ്ടെന്ന വസ്തുത വിസ്മരിച്ചാണ് നിലവിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കാര്യത്തിൽ നിലപാടെടുക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. മുൻ യു.ഡി.എഫ്. സർക്കാരുകളുടെ കാലത്ത് കുടിശ്ശികയാക്കിയതോ നിഷേധിച്ചതോ ആയ ശമ്പള പരിഷ്കരണവും ക്ഷാമബത്തയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാരുകൾ അനുവദിച്ചിട്ടുള്ള നിരവധി ഉദാഹരണങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ആർജിതാവധി പണമാക്കി മാറ്റുന്നതിനുള്ള ആനുകൂല്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽനിന്നുണ്ടായ മറുപടിയും വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് എഫ്.എസ്.ഇ.ടി.ഒ. ആരോപിച്ചു. ധവളപത്രത്തിലും ബജറ്റിലും പരാമർശിച്ച കാര്യങ്ങൾ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനും ഉപയോഗിക്കുന്നുവെന്ന സംശയവും സംഘടന പ്രകടിപ്പിച്ചു.
ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട മുൻകാല ചരിത്രവും വസ്തുതകളും മറച്ചുവയ്ക്കുന്ന നിലപാട് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിക്കണമെന്നും പ്രസിഡന്റ് ടി.കെ.എ. ഷാഫിയും ജനറൽ സെക്രട്ടറി എം.വി. ശശിധരനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.