
കൽപ്പറ്റ: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ച ആഡംബര വാഹനം ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിയും കൽപ്പറ്റ എംഎൽഎയും ആയ ടി.സിദ്ദിഖ് ബന്ധപ്പെട്ട മന്ത്രിമാർക്ക് കത്ത് നൽകി. ആഭ്യന്തരം, എക്സൈസ്, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിമാരെ നേരിൽക്കണ്ട് ഇക്കാര്യം ഉന്നയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വയനാട് കൽപ്പറ്റ സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇയ്യാസ്, പാലക്കാട് സ്വദേശിനി ഗോപിക എന്നിവരാണ് അപകടത്തിൽ മരിച്ചത്. സുഹൈൽ സജീവെന്ന യുവാവ് മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ച ആഡംബര വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

നിർധന കുടുംബത്തിലെ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായിരുന്നു ദേവിക. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദേവിക, എറണാകുളത്ത് ഉന്നതപഠനം നടത്തുന്നതിനൊപ്പം പാർട്ട് ടൈം ജോലിയും ചെയ്താണ് പഠനച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. പഠനത്തിലും കലയിലും കായികരംഗത്തും ഒരുപോലെ മികവ് തെളിയിച്ച ദേവികയ്ക്ക് ജീവിതത്തിൽ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു.
മകളുടെ പഠനത്തിനും മറ്റു ആവശ്യങ്ങൾക്കുമായി മാതാപിതാക്കൾ വലിയൊരു തുക വായ്പയെടുത്തിരുന്നു. കഠിനാധ്വാനത്തിലൂടെ മകളെ പഠിപ്പിച്ച് അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലായിരുന്ന കുടുംബത്തിന് ദേവികയുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നത്.
ദുരന്തത്തിൽ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്ന സാഹചര്യത്തിൽ, ദേവികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതായും ടി. സിദ്ദിഖ് അറിയിച്ചു.
മദ്യപിച്ചുള്ള വാഹനമോടിക്കലും അമിതവേഗവും മൂലമുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.