You are currently viewing കൊല്ലത്ത് തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; എട്ട് കടകൾ അടപ്പിച്ചു, 14 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കൊല്ലത്ത് തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; എട്ട് കടകൾ അടപ്പിച്ചു, 14 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കൊല്ലം: ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പാചക എണ്ണ പുനരുപയോഗിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ തട്ടുകടകളിലും ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗം തടയുന്നതിനായി ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിലാണ് പ്രത്യേക പരിശോധന നടത്തിയത്.

ജില്ലയിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 96 കടകൾ പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും ഇല്ലാതെ പ്രവർത്തിച്ച എട്ട് കടകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 14 കടകൾക്ക് പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് നൽകി.

ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ടി.പി.സി മെഷീന്റെയും മൊബൈൽ ലാബിന്റെയും സഹായത്തോടെയായിരുന്നു പരിശോധന. വിവിധ സ്ഥാപനങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന എണ്ണയുടെ 24 സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം പരിശോധിച്ചു.

ചില തട്ടുകടകളിൽ പാത്രങ്ങൾ വെള്ളത്തിൽ കഴുകി വൃത്തിയാക്കാതെ തുടച്ചെടുക്കുന്നതായും കണ്ടെത്തി. ഈച്ചശല്യം കൂടുതലുള്ള കടകൾക്കും നോട്ടീസ് നൽകി. മാലിന്യം കൃത്യമായി നീക്കം ചെയ്യാത്തതും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

ഭക്ഷ്യവസ്തുക്കൾ അടച്ചുസൂക്ഷിക്കണമെന്നും ഉപഭോക്താക്കൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം നൽകണമെന്നും കടയുടമകൾക്ക് കർശന നിർദേശം നൽകി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

Leave a Reply