
ന്യൂഡൽഹി: തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തെ അനുസ്മരിക്കുന്ന വിജയദശമി ആഘോഷം രാജ്യത്തുടനീളം വിപുലമായി ആചരിച്ചു. ഡൽഹിയിലെ ഐ.പി. എക്സ്റ്റൻഷനിൽ നടന്ന ദസറ ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ ശത്രുക്കളെ നേരിടാൻ ജനങ്ങൾ ഐക്യത്തോടെ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കാനും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും ഇന്ത്യൻ സംസ്കാരത്തോട് വിദ്വേഷം പുലർത്താനും ശ്രമിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള പ്രതിജ്ഞ വിജയദശമി ദിനത്തിൽ രാജ്യം പുതുക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

വിജയദശമി നന്മയുടെയും സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തെ ഓർമിപ്പിക്കുന്ന ആഘോഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടും സത്യത്തിലും തത്വങ്ങളിലും ഉറച്ചുനിന്ന വ്യക്തിത്വമാണ് ശ്രീരാമന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാരുണ്യം, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളാണ് ശ്രീരാമന്റെ ജീവിതം പകർന്നുനൽകുന്നതെന്നും മോദി പറഞ്ഞു.
സദ്ഭരണത്തിലൂടെ രാമരാജ്യം എന്ന സങ്കൽപ്പം യാഥാർഥ്യമാക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡൽഹിയിലെ ദ്വാരകയിൽ നടന്ന ദസറ ആഘോഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. രാജ്യത്തെ ജനങ്ങൾക്ക് വിജയദശമി ആശംസകൾ നേർന്ന രാഷ്ട്രപതി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന രാമലീലകളിലൂടെ നിരവധി പേർ ശ്രീരാമന്റെ ആദർശങ്ങളും മൂല്യങ്ങളും ഓർമിക്കുന്നുണ്ടെന്ന് പറഞ്ഞു.
ശ്രീരാമന്റെ ജീവിതത്തിൽനിന്ന് പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളാനാകുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചടങ്ങിൽ സന്നിഹിതയായിരുന്നു.