കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ ഫൊറൻസിക് ഡോക്ടറെ നിയമിച്ചതോടെ പൊലീസ് സർജൻ നിർവഹിക്കേണ്ട പോസ്റ്റ്‌മോർട്ടങ്ങൾക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടിവന്നിരുന്ന ദീർഘകാല പ്രതിസന്ധിക്ക് പരിഹാരമാകുന്നു.സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ ഒരു വർഷമായി കായംകുളത്ത് സാധാരണ പോസ്റ്റ്‌മോർട്ടങ്ങൾ നടന്നിരുന്നെങ്കിലും, പൊലീസ് നിർദ്ദേശിക്കുന്നതും പൊലീസ് സർജൻ നേരിട്ട് നടത്തേണ്ടതുമായ കേസുകൾക്കായി മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെയുള്ള വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ ഫൊറൻസിക് ഡോക്ടറുടെ അഭാവമാണ് ഇതിന് പ്രധാന കാരണം.
മൃതദേഹങ്ങളുമായി മെഡിക്കൽ കോളേജിലേക്ക് യാത്ര ചെയ്യേണ്ടിവന്നത് മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തികവും മാനസികവുമായി വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇതേത്തുടർന്ന് ഫൊറൻസിക് ഡോക്ടറുടെ സേവനം കായംകുളത്ത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രിയെ നേരിൽകണ്ട് ബോധ്യപ്പെടുത്തുകയും അടിയന്തര നിയമനം ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ജനറൽ ആശുപത്രിയിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം ജൂനിയർ കൺസൾട്ടന്റായ ഡോ. ലക്ഷ്മി കൃഷ്ണനെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി നിയമിച്ചു.
പുതിയ ഫൊറൻസിക് ഡോക്ടർ ചുമതലയേൽക്കുന്നതോടെ കായംകുളത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമാകും. ഇനി മുതൽ പൊലീസ് സർജൻ നിർവഹിക്കേണ്ട പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവരില്ല. പൊലീസ് നിർദ്ദേശിക്കുന്ന കേസുകളുൾപ്പെടെ ഭൂരിഭാഗം പോസ്റ്റ്‌മോർട്ടങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിൽ തന്നെ പൂർത്തിയാക്കാനാകും. പൊലീസ് സർജൻ വിഭാഗം മേധാവിയുടെ പ്രത്യേക പരിശോധന ആവശ്യമായ അപൂർവം കേസുകൾ ഒഴികെ എല്ലാ പോസ്റ്റ്‌മോർട്ടങ്ങളും ഇവിടെ തന്നെ നടത്താൻ കഴിയുന്നതോടെ തുടർനടപടികൾ വേഗത്തിലാകുകയും മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് കൂടുതൽ ആശ്വാസമാകുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.