You are currently viewing പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ യന്ത്രത്തിൽ കുടുങ്ങി നാല് വയസ്സുകാരന് ദാരുണാന്ത്യം; സ്ഥാപനം അടച്ചുപൂട്ടാൻ കളക്ടറുടെ ഉത്തരവ്
പ്രതീകാത്മക ചിത്രം

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ യന്ത്രത്തിൽ കുടുങ്ങി നാല് വയസ്സുകാരന് ദാരുണാന്ത്യം; സ്ഥാപനം അടച്ചുപൂട്ടാൻ കളക്ടറുടെ ഉത്തരവ്

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാല് വയസ്സുകാരൻ മരിച്ച സംഭവത്തെത്തുടർന്ന് സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടു. കമ്പനിയിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നവംബർ 19 വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ പെരുമ്പാവൂർ മുടിക്കൽ വെട്ടിക്കാട്ടുകുന്നിലെ ആമസോൺ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളായ നൂർജമാൽ ഷെയ്ഖ്, നൂറിമ ഖാത്തൂൺ ദമ്പതികളുടെ മകൻ മെറാജ് ഷെയ്ഖ് (4) ആണ് മരിച്ചത്.

മാതാപിതാക്കൾ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയുടെ വസ്ത്രം വെനീർ ഡ്രൈയിംഗ് മെഷീനുമായി ബന്ധിപ്പിച്ച കൺവെയർ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. ബെൽറ്റിനൊപ്പം കുട്ടി യന്ത്രത്തിനുള്ളിലേക്ക് വലിക്കപ്പെടുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

സംഭവത്തെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, ശിശുക്ഷേമ സമിതി
,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ കമ്പനിയിൽ സംയുക്ത പരിശോധന നടത്തി. തൊഴിലാളികളുടെ കൃത്യമായ രജിസ്റ്ററുകളോ മറ്റ് ഔദ്യോഗിക രേഖകളോ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

ചെറിയ കുട്ടികളുമായി തൊഴിലാളികൾക്ക് ജോലിക്കെത്താൻ അനുമതി നൽകിയിരുന്നെങ്കിലും കുട്ടികളെ സുരക്ഷിതമായി പരിപാലിക്കുന്നതിനുള്ള ക്രഷ് സൗകര്യമോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ കമ്പനിയിൽ ഒരുക്കിയിരുന്നില്ലെന്നും കണ്ടെത്തി.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. നവംബർ 24ന് പെരുമ്പാവൂരിൽ സ്ഥലം എം.എൽ.എ മനോജ് മൂത്തേടന്റെ നേതൃത്വത്തിൽ ചേരുന്ന പ്രത്യേക ഉന്നതതല യോഗം വരെ സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടറുടെ നിർദേശം.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെരുമ്പാവൂർ മേഖലയിലെ മറ്റ് പ്ലൈവുഡ് നിർമാണ യൂണിറ്റുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി.

നവംബർ 24ന് ചേരുന്ന ഉന്നതതല യോഗത്തിൽ ജനപ്രതിനിധികൾ, പ്ലൈവുഡ് അസോസിയേഷൻ പ്രതിനിധികൾ, തൊഴിലാളികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം ഉറപ്പാക്കാനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

തൊഴിലാളികളുടെ സുരക്ഷയും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്ലൈവുഡ് വ്യവസായ മേഖലയിലെ തൊഴിൽ സാഹചര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ കർശനമായി പരിശോധിക്കേണ്ട സാഹചര്യം കൂടിയാണ് സംഭവം ഉയർത്തുന്നത്.

Leave a Reply