
തിരുവനന്തപുരം:തന്നോട് മോശമായി പെരുമാറിയ കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് പൂർണ്ണമായും ക്ഷമിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

“അദ്ദേഹം ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും ഞാൻ ചെറുതാവുകയും ചെയ്തു. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് പൂർണ്ണമായും ക്ഷമിച്ചിരിക്കുന്നു, വ്യക്തിപരമായി യാതൊരു വിരോധവുമില്ല,” മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ ജയിൽ മോചിതനായ ശേഷം ചേന്തി അനിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഒരു പ്രാദേശിക പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തർക്കത്തിൽ ഏർപ്പെട്ടത്. തുടർന്ന് ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.