
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടത്തിയ റെയ്ഡിനുശേഷം മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്ത് ഒരു വധശ്രമക്കേസിൽ ഇത്തരത്തിൽ പിഎംഎൽഎ പ്രകാരം കേസെടുക്കുന്നത് ഇതാദ്യമാണ്.

മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് 2026 മേയ് 27-ന് പിണറായി വിജയന്റെ തിരുവനന്തപുരത്തെ സ്വകാര്യ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി സംഘത്തിന്റെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തതായിരുന്നു സംഭവം.

കേരള പോലീസ് തയാറാക്കിയ എഫ്ഐആറിലെ സിപിഎം നേതാക്കളടക്കം 27 പ്രതികളെയും ഇഡി തങ്ങളുടെ കേസിലും പ്രതി ചേർത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കള്ളപ്പണ ഇടപാടുകളും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. അക്രമത്തിന് ആളുകളെ അണിനിരത്താൻ അന്വേഷണത്തിലിരിക്കുന്ന വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ പണം കൈപ്പറ്റിയിരുന്നോ എന്നും ഏജൻസി പരിശോധിക്കുന്നുണ്ട്.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷണം നടത്തും. പോലീസ് അന്വേഷണം ഗൂഢാലോചനയുടെ ആഴങ്ങളിലേക്ക് എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇഡി ഈ കേസിൽ നേരിട്ട് ഇറങ്ങിയിരിക്കുന്നത്.
മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കോടികളുടെ പണം നൽകിയെന്നാണ് ഏജൻസിയുടെ ആരോപണം.