You are currently viewing സംസ്ഥാനത്ത് പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് മേയ് 6-ന് ഹോട്ടലുകളും ബേക്കറികളും  അടച്ചിടും

സംസ്ഥാനത്ത് പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് മേയ് 6-ന് ഹോട്ടലുകളും ബേക്കറികളും അടച്ചിടും

സംസ്ഥാനത്ത് വാണിജ്യ പാചകവാതക വിലയിൽ ഉണ്ടായ കുത്തനെ വർധനവിനെതിരെ മേയ് 6-ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകളും ബേക്കറികളും അടച്ചിടാൻ ഉടമകളുടെ സംഘടനകൾ തീരുമാനിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ വൻ വർധനവ് ഹോട്ടൽ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധ സമരം ശക്തമാകുന്നത്.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA)യുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. അന്നേദിവസം സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും ബേക്കറികളും റെസ്റ്റോറന്റുകളും പൂർണമായി അടച്ചിടും. കൂടാതെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എറണാകുളത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) ഓഫീസിലേക്ക് മാർച്ച് നടത്താനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതോടെ സംസ്ഥാനത്ത് ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,000 രൂപ കടന്നിരിക്കുകയാണ്. ഒരു സാധാരണ ഹോട്ടലിൽ ദിവസേന ശരാശരി നാല് സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്നുണ്ടെന്നും പുതിയ നിരക്ക് നിലവിൽ വന്നതോടെ ഇടത്തരം ഹോട്ടലുകൾക്ക് പ്രതിമാസം ഏകദേശം 1.5 ലക്ഷം രൂപവരെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്നും ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

വിലവർധനവ് തുടർന്നാൽ ചായ മുതൽ വിവിധ ഭക്ഷ്യവിഭവങ്ങൾ വരെ വില കൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഹോട്ടൽ-റസ്റ്റോറന്റ് സംഘടനകൾ മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകൾ അറിയിച്ചു.

Leave a Reply