
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കകം മാതാവും മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി. വള്ളിക്കാവ് ശിവസന്ധ്യയിൽ സന്ധ്യ (50) യെയാണ് ടി.എസ്. കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ കാട്ടിൽകടവിന് സമീപത്തെ ടി.എസ്. കനാലിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
ഇതിനിടെ, ഉച്ചയ്ക്ക് ഒരു മണിയോടെ സന്ധ്യയുടെ മാതാവ് ഭാസുര (80) മരണപ്പെട്ടു. ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്ന ഭാസുര മകളുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെയാണ് അന്തരിച്ചതെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
സന്ധ്യയുടെ ഭർത്താവ് വിജയൻ ആണ്. മക്കൾ അങ്കുഷ്, അക്ഷയ. ഭാസുരയുടെ ഭർത്താവ് പരേതനായ ശിവദാസൻ ആണ്. മകൻ ശിവജിത്ത്.
ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.