
ഗാങ്ടോക്/കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ അപകടത്തിൽ കാണാതായിരുന്ന മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹനനെ (43) മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി വെള്ളൂർ പൂത്തകുഴി കൂരോത്ത് പറമ്പിൽ സ്വദേശിയായ അനീഷ് നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിൽ ജിയോളജിസ്റ്റും സീനിയർ മാനേജറുമായാണ് സേവനമനുഷ്ഠിച്ചിരുന്നത്.
നാല് ദിവസം നീണ്ട തീവ്രമായ തെരച്ചിലിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തുരങ്കത്തിനുള്ളിൽ നിന്ന് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെയാണ് ദിവസങ്ങളായി നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.
ദക്ഷിണ സിക്കിമിലെ നാംചി ജില്ലയിൽ സമർദുങ്ങിലുള്ള എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ്–6 ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പാറ തുരക്കുന്ന ജോലികൾക്കിടെ പ്രകൃതിദത്ത മീഥൈൻ വാതകം ചോർന്ന് സ്ഫോടനമുണ്ടാകുകയും തുടർന്ന് വൻ മണ്ണിടിച്ചിൽ സംഭവിക്കുകയുമായിരുന്നു.
ഈ ദുരന്തത്തിൽ ഇതുവരെ 20-ഓളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ, അസം, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉദ്യോഗസ്ഥരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ശാസ്ത്ര എഴുത്തുകാരനും വ്ലോഗറുമായിരുന്ന അനീഷ് കഴിഞ്ഞ 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഹരിയാനയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ഏഴ് മാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
അപകടവിവരം അറിഞ്ഞെത്തിയ ഭാര്യ സംഗീത, സഹോദരൻ ബിനീഷ് മോഹൻ, ഭാര്യാസഹോദരൻ സനൽ എന്നിവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സിക്കിമിലെ മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഡൽഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുവരും. കാർത്ത്യായനിയും ആരവും മക്കളാണ്.