You are currently viewing ‘ദാൽ ചാവലില്ലാതെ ഒരു ദിവസം പോലും കഴിയില്ല’; ഇന്ത്യൻ ഭക്ഷണരീതിയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

‘ദാൽ ചാവലില്ലാതെ ഒരു ദിവസം പോലും കഴിയില്ല’; ഇന്ത്യൻ ഭക്ഷണരീതിയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

ഇന്ത്യൻ ഭക്ഷണരീതിയോടും പ്രത്യേകിച്ച് ദാൽ ചാവലിനോടുമുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇന്ത്യയിലെത്തിയ ആദ്യകാലത്ത് ഇന്ത്യൻ ഭക്ഷണങ്ങളിലെ വൈവിധ്യവും മസാലകളുടെ രുചിയും തന്നെ അത്ഭുതപ്പെടുത്തിയെന്നും പിന്നീട് അവ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും അവർ പറഞ്ഞു.

തന്റെ പുതിയ ഓർമ്മക്കുറിപ്പായ ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് സോണിയ ഗാന്ധി ഭക്ഷണത്തോടുള്ള തന്റെ അടുപ്പം വിവരിച്ചത്. മകൾ പ്രിയങ്ക ഗാന്ധി വാദ്രയുമായുള്ള സംഭാഷണത്തിലും അവർ ഇക്കാര്യം വിശദീകരിച്ചു.

“ഭക്ഷണത്തിന് എന്റെ ജീവിതകഥയിൽ എന്നും പ്രത്യേക സ്ഥാനമുണ്ട്. നല്ലൊരു ഭക്ഷണം തേടിയുള്ള യാത്രയിലാണ് ഞാൻ രാജീവിനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. വർഷങ്ങൾക്കുശേഷം ഇന്ത്യയും എനിക്ക് പരിചിതമായത് ഓരോ ഭക്ഷണത്തിലൂടെയായിരുന്നു. തുടക്കത്തിൽ ഇവിടുത്തെ ഭക്ഷണവൈവിധ്യം എന്നെ അത്ഭുതപ്പെടുത്തി. മസാലകളുടെ രുചി എന്നെ ഭയപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇന്ന് ദാൽ ചാവലാണ് എന്റെ വീടിന്റെ രുചി. അതില്ലാതെ ഒരു ദിവസം പോലും കഴിയാൻ എനിക്ക് സാധിക്കില്ല” എന്നായിരുന്നു സോണിയയുടെ വാക്കുകൾ.

ഇന്ത്യൻ ഭക്ഷണങ്ങളോട് ഇഷ്ടം വളരാൻ സമയമെടുത്തെന്നും പിന്നീട് പാചകം ചെയ്യാനും പഠിച്ചെന്നും സോണിയ പറഞ്ഞു. ബംഗാളി വിഭവങ്ങളും സൂറത്തിലെ ഗുജറാത്തി ഭക്ഷണവുമാണ് ഏറെ ഇഷ്ടം. കബാബ്, ചിക്കൻ ടിക്ക, തന്തൂരി ചിക്കൻ, ദാൽ മഖനി, കാശ്മീരി കോഫ്ത, ഹാഖ് തുടങ്ങിയവയും പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയിലുണ്ട്.

വീട്ടിൽ പാകം ചെയ്യുന്ന പരിപ്പിലും പ്രത്യേകതയുണ്ട്. താൻ ഈ വീട്ടിലെത്തിയ ദിവസം മുതൽ ഇന്നുവരെ അരഹർ ദാൽ (തുവരപ്പരിപ്പ്) മാത്രമാണ് പാകം ചെയ്യുന്നതെന്നും മറ്റൊരു തരത്തിലുള്ള പരിപ്പ് വീട്ടിൽ പതിവില്ലെന്നും സോണിയ വ്യക്തമാക്കി. കുട്ടിക്കാലത്ത് മകൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഗുജറാത്തി വിഭവമായ ഖണ്ഡ്വി ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും സംഭാഷണത്തിൽ ഓർത്തെടുത്തു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് പാചകം ചെയ്യാൻ അറിയില്ലായിരുന്നെങ്കിലും ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്താൻ എന്തൊക്കെ ചേർക്കണമെന്ന് കൃത്യമായി അറിയാമായിരുന്നുവെന്നും സോണിയ പറഞ്ഞു.

നവംബർ 10ന് പുറത്തിറങ്ങിയ ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സോണിയയുടെ ഈ വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നത്. പ്രണയം, കുടുംബജീവിതം, ഇന്ത്യയിലേക്കുള്ള വരവ്, ജീവിതത്തിലെ അനുഭവങ്ങൾ എന്നിവ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

Leave a Reply