You are currently viewing ഇറക്കുമതി തീരുവ വർധന; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  വൻ കുതിപ്പ്

ഇറക്കുമതി തീരുവ വർധന; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്

ഇന്ത്യയിലെ സ്വർണ്ണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം രേഖപ്പെടുത്തി. ബുധനാഴ്ച ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 10,200 രൂപ വർധിച്ചതോടെ വില 1,23,120 രൂപയായി ഉയർന്നു. ഗ്രാമിന് 1,275 രൂപ കൂടി 15,390 രൂപയായും നിരക്ക് ഉയർന്നു.

ഇറക്കുമതി തീരുവയും സെസും ഉൾപ്പെടെ സ്വർണ്ണത്തിനും വെള്ളി ഉൾപ്പെടെയുള്ള മൂല്യമേറിയ ലോഹങ്ങൾക്കും 15 ശതമാനം തീരുവ ഏർപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കിയത്. രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനും രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം സംരക്ഷിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.

അസംസ്‌കൃത എണ്ണയും സ്വർണ്ണവും ഇറക്കുമതി ചെയ്യുന്നതിനായി വൻതോതിൽ ഡോളർ വിദേശത്തേക്ക് ഒഴുകുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

ഇറക്കുമതി നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുമെന്ന സൂചന പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ജ്വല്ലറികളിൽ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്കയിൽ നിരവധി പേർ സ്വർണം വാങ്ങാൻ എത്തിയതായാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ പഴയ സ്വർണ്ണം വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകർ ശ്രമിക്കാനിടയുണ്ടെന്നും വിപണി നിരീക്ഷകർ വിലയിരുത്തുന്നു. സ്വർണ്ണവിലയിലെ ഈ വൻ വർധന വിവാഹ വിപണിയെയും ആഭരണ വ്യാപാര മേഖലയെയും വരും ദിവസങ്ങളിൽ ഗണ്യമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

Leave a Reply