
ആംസ്റ്റൽവീൻ, ഓഗസ്റ്റ് 19: നെതർലൻഡ്സിലെ വാഗ്നർ സ്റ്റേഡിയത്തിൽ നടന്ന എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പ് 2026 പൂൾ ഡി മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ 5-3ന് തോൽപ്പിച്ച് ഇന്ത്യ. ജയത്തോടെ പൂൾ ഡിയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ട് പെനാൽറ്റി കോർണറുകളിലൂടെ ഗോളുകൾ നേടിയപ്പോൾ അഭിഷേക് രണ്ട് ഫീൽഡ് ഗോളുകളും നേടി. ഹാർദിക് സിങ്ങാണ് ഇന്ത്യയുടെ അഞ്ചാം ഗോൾ പെനാൽറ്റി സ്ട്രോക്കിലൂടെ നേടിയത്.
അഞ്ചാം മിനിറ്റിൽ ശക്തമായ ഡ്രാഗ്-ഫ്ലിക്കിലൂടെ ഹർമൻപ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. 11-ാം മിനിറ്റിൽ അഭിഷേക് ഇന്ത്യയുടെ ലീഡ് 2-0 ആക്കി. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ 21-ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി കോർണർ ഗോളിലൂടെ ഹർമൻപ്രീത് ഇന്ത്യയുടെ ലീഡ് 3-0 ആക്കി.
22-ാം മിനിറ്റിൽ ഹന്നാൻ ഷാഹിദിലൂടെ പാകിസ്ഥാൻ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ രണ്ട് മിനിറ്റിനകം തന്നെ അഭിഷേക് തന്റെ രണ്ടാം ഗോൾ നേടി ഇന്ത്യയുടെ മൂന്ന് ഗോൾ ലീഡ് പുനഃസ്ഥാപിച്ചു. 25-ാം മിനിറ്റിൽ സഫ്യാൻ ഖാൻ പെനാൽറ്റി കോർണർ ഗോളാക്കി മാറ്റിയതോടെ പാകിസ്ഥാൻ 4-2ന് പിന്നിലെത്തി. ഇതോടെയാണ് ആദ്യ പകുതി അവസാനിച്ചത്.
മൂന്നാം ക്വാർട്ടറിന്റെ 35-ാം മിനിറ്റിൽ പെനാൽറ്റി സ്ട്രോക്ക് ഹാർദിക് സിങ് വിജയകരമായി ഗോളാക്കി മാറ്റിയതോടെ ഇന്ത്യ 5-2ന് മുന്നിലെത്തി.
പാകിസ്ഥാൻ വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും 46-ാം മിനിറ്റിൽ ഹന്നാൻ ഷാഹിദിന്റെ രണ്ടാം ഗോളിലൂടെ മാത്രമാണ് തിരിച്ചടിക്കാനായത്. സ്കോർ 5-3 ആയതോടെ മത്സരം ആവേശകരമായി. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ 10 താരങ്ങളുമായി കളിക്കേണ്ടിവന്നെങ്കിലും പ്രതിരോധം ശക്തമായി നിലനിർത്തി ഇന്ത്യ വിജയം സ്വന്തമാക്കി.
ആറ് പോയിന്റുമായി ഇന്ത്യ പൂൾ ഡിയിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒൻപത് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. വെയിൽസിനെ 8-2ന്7 തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ടോപ്പറായത്. ഇനി ഇംഗ്ലണ്ടിനും പൂൾ എയിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കുമൊപ്പം ഇന്ത്യ രണ്ടാം റൗണ്ട് പോരാട്ടത്തിൽ തുടരും.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് നേടിയതോടെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ അപരാജിത കുതിപ്പും ഇതോടെ ഒരു ദശാബ്ദത്തിലേറെയായി തുടരുകയാണ്. 2010ന് ശേഷം ലോകകപ്പിൽ ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ ഏറ്റുമുട്ടിയത്.
ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇനി രണ്ടാം റൗണ്ടിൽ കൂടുതൽ കടുത്ത വെല്ലുവിളികളാണ് നേരിടാനുള്ളത്.