You are currently viewing ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ഡിസൈൻ പൂർത്തിയായി; ആദ്യ പ്രോട്ടോടൈപ്പ് അടുത്ത വർഷം പുറത്തിറങ്ങും

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ഡിസൈൻ പൂർത്തിയായി; ആദ്യ പ്രോട്ടോടൈപ്പ് അടുത്ത വർഷം പുറത്തിറങ്ങും

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ രൂപകൽപ്പന പൂർത്തിയായെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത വർഷം ആദ്യത്തോടെ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) സന്ദർശിച്ച് അതിവേഗ ട്രെയിനിന്റെ മാതൃകകളും വിവിധ സംവിധാനങ്ങളും പരിശോധിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കും ഭാവിയിൽ രാജ്യത്തെ മറ്റ് ബുള്ളറ്റ് ട്രെയിൻ പാതകൾക്കും ഉപയോഗിക്കാനുദ്ദേശിച്ചുള്ള തദ്ദേശീയ അതിവേഗ ട്രെയിനായ B28 നിർമാണം നിർണായക ഘട്ടത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു.

ട്രെയിനിന്റെ പ്രൊപ്പൽഷൻ സംവിധാനം, ഇലക്ട്രോണിക്സ്, സുഗമമായ യാത്രയും കരുത്തും ഉറപ്പാക്കുന്ന ബോഗികൾ എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമിക്കുന്നത്. ഓരോ ഘടകത്തിന്റെയും കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിവിധ പരിശോധനകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മണിക്കൂറിൽ 280 മുതൽ 350 കിലോമീറ്റർ വരെ വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുമ്പോൾ കോച്ചുകൾക്ക് ചുറ്റും പ്രത്യേക മർദാവസ്ഥ രൂപപ്പെടും. ഇതുമൂലം അന്തരീക്ഷമർദത്തിന്റെ വലിയ സ്വാധീനം ട്രെയിൻ കോച്ചുകളിൽ അനുഭവപ്പെടും.

ഈ സാഹചര്യത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വെൽഡിങ്, നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ, നിർമ്മാണ പ്രക്രിയകൾ, വിവിധ സാങ്കേതിക സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുന്നത്. ഇതിനായി കോച്ചുകൾക്ക് പ്രത്യേക പ്രഷർ അഥവാ ‘സ്ക്വീസ് ടെസ്റ്റ്’ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും.

അന്തരീക്ഷമർദത്തെ അതിജീവിക്കാനും രൂപമാറ്റമോ ഘടനാപരമായ തകരാറുകളോ സംഭവിക്കാതിരിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും നിർമ്മാണത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുക.

ബി.ഇ.എം.എൽ നേതൃത്വം നൽകുന്ന കൺസോർഷ്യം വികസിപ്പിക്കുന്ന B28 അതിവേഗ ട്രെയിൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയും സാങ്കേതിക മികവും കൈവരിക്കുമെന്ന ആത്മവിശ്വാസവും അശ്വിനി വൈഷ്ണവ് പ്രകടിപ്പിച്ചു.

Leave a Reply