
ഇടുക്കി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് ഉയർത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. കെപിസിസി പ്രസിഡന്റായി അനുയോജ്യനായ വ്യക്തിയെ പാർട്ടിയുടെ ഉന്നത നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും തന്റെ പേര് ഈ സ്ഥാനത്തേക്ക് നിർദേശിച്ച് പ്രചാരണം നടത്തുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ തന്റെ പേര് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഡീൻ കുര്യാക്കോസ് പറഞ്ഞു. താൻ ഒരിക്കലും അർഹതയില്ലാത്ത സ്ഥാനങ്ങൾക്കായി ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാവിയിലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ആഗ്രഹിച്ച എല്ലാ സ്ഥാനങ്ങളിലും ദൈവാനുഗ്രഹത്താൽ എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. തന്റെ അധ്വാനം തിരിച്ചറിഞ്ഞ നേതാക്കൾ നൽകിയ പിന്തുണയും സഹായവും എന്നും കടപ്പാടോടെ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് പദവിക്ക് താൻ അനുയോജ്യനല്ലെന്നാണ് വ്യക്തിപരമായ ബോധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചാരണങ്ങളും തർക്കങ്ങളും നടത്തിയാണ് പാർട്ടിയിലെ ഇത്തരം സ്ഥാനങ്ങൾ തീരുമാനിക്കുന്നതെന്ന് കരുതരുത്. അത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കളുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തരുതെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
പാർട്ടി ഇതുവരെ നൽകിയ എല്ലാ സ്ഥാനങ്ങളിലും താൻ പൂർണ സംതൃപ്തനാണ്. ജനപ്രതിനിധി എന്ന നിലയിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയെ പാർട്ടി ഹൈക്കമാൻഡ് കണ്ടെത്തുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. തന്നെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഈ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ അതിൽനിന്ന് പിന്തിരിയണമെന്നും നവമാധ്യമങ്ങളിലെ ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വിനീതമായി അഭ്യർത്ഥിച്ചു.