You are currently viewing വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കാറ്റി സക്കറിയ; കരോലിൻ ലീവിറ്റിന് പകരക്കാരി

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കാറ്റി സക്കറിയ; കരോലിൻ ലീവിറ്റിന് പകരക്കാരി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി യാഥാസ്ഥിതിക രാഷ്ട്രീയ നിരീക്ഷകയും ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിലെ മുതിർന്ന ആശയവിനിമയ ഉപദേഷ്ടാവുമായ കാറ്റി സക്കറിയയെ നിയമിച്ചു.

നിലവിലെ സ്ഥാനത്തുനിന്ന് ഓഗസ്റ്റിൽ രാജിവച്ച കരോലിൻ ലീവിറ്റിന് പകരമായാ സക്കറിയ ചുമതലയേൽക്കുന്നത്.
പെപ്പർഡൈൻ സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയ സക്കറിയ അഭിഭാഷകയും നാല് കുട്ടികളുടെ അമ്മയുമാണ്. ഈ വർഷം ആദ്യം അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവായി ഹ്രസ്വകാലം പ്രവർത്തിച്ചിരുന്നു. പിന്നീട് ട്രംപിന്റെ മാധ്യമ സ്ഥാപനത്തിൽ മുതിർന്ന ആശയവിനിമയ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു.

ഫോക്സ് ന്യൂസ്, ന്യൂസ്മാക്സ് എന്നീ വാർത്താ ചാനലുകളിലും സക്കറിയ രാഷ്ട്രീയ നിരീക്ഷകയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ സജീവമായി പങ്കെടുത്തിരുന്നു. പ്രത്യേകിച്ച് നിർണായകമായ സ്വിങ് സംസ്ഥാനങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സക്കറിയയുടെ പങ്കാളിത്തം ട്രംപ് എടുത്തുപറഞ്ഞു.
തന്നെ പിന്തുണച്ച സക്കറിയയെ വിശ്വസ്തയും മികവുറ്റ പിന്തുണക്കാരിയുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പുതിയ ചുമതല ലഭിച്ചതിൽ നന്ദി അറിയിച്ച സക്കറിയ, ഈ അവസരം ജീവിതത്തിലെ വലിയൊരു ബഹുമതിയാണെന്ന് പ്രതികരിച്ചു.

2025 ജനുവരിയിൽ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ കരോലിൻ ലീവിറ്റ്, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി ഓഗസ്റ്റിൽ സ്ഥാനം ഒഴിയുകയായിരുന്നു. ഓഗസ്റ്റ് 27-നാണ് അവർ ഔദ്യോഗികമായി പദവിയിൽനിന്ന് മാറിയത്. നവംബർ ഒന്നുമുതൽ ഫോക്സ് ന്യൂസ് ചാനലിൽ അവതാരകയും രാഷ്ട്രീയ നിരീക്ഷകയുമായി ലീവിറ്റ് പ്രവർത്തനം ആരംഭിക്കും.

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും തീരുമാനങ്ങളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിലും വൈറ്റ് ഹൗസിലെ മാധ്യമസമ്മേളനങ്ങൾ നയിക്കുന്നതിലും പുതിയ പ്രസ് സെക്രട്ടറിക്ക് നിർണായക ചുമതലയുണ്ടാകും.

Leave a Reply