
മാവേലിക്കര: മാവേലിക്കര തപാൽ ഡിവിഷൻ ആലപ്പുഴ ഡിവിഷനിൽ ലയിപ്പിക്കാനുള്ള നിർദേശം റദ്ദാക്കിയതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. തപാൽ ഡിവിഷന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇതോടെ പരിഹാരമായെന്നും എംപി അറിയിച്ചു.

ലയന നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 10ന് കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മാവേലിക്കര തപാൽ ഡിവിഷൻ നിലവിലുള്ള രീതിയിൽ നിലനിർത്തണമെന്നും ലയന നിർദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രതലത്തിൽ ഇടപെടൽ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കത്തിന് മറുപടിയായി ഒക്ടോബർ ഏഴിന് നൽകിയ ഔദ്യോഗിക കത്തിൽ ലയന നിർദേശം അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരള പോസ്റ്റൽ സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലും മാവേലിക്കര തപാൽ ഡിവിഷൻ ലയിപ്പിക്കാനോ നിർത്തലാക്കാനോ പദ്ധതിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് മാവേലിക്കര തപാൽ ഡിവിഷൻ റദ്ദാക്കുന്നതിനുള്ള തീരുമാനം കേരള പോസ്റ്റൽ സർക്കിളിൽ നിന്ന് ഉണ്ടായിരുന്നതായും എംപി ചൂണ്ടിക്കാട്ടി.
മുൻ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്റെ പ്രത്യേക താൽപര്യത്തിലും ഇടപെടലിലുമാണ് മാവേലിക്കരയിൽ തപാൽ ഡിവിഷൻ സ്ഥാപിതമായതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാവേലിക്കരയുടെ ഭരണപരമായ പ്രാധാന്യവും ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്ന സ്ഥാപനമാണ് തപാൽ ഡിവിഷനെന്നും നാടിന്റെ ചരിത്രത്തോടും ജനങ്ങളുടെ വൈകാരിക ബന്ധത്തോടും ചേർന്നുനിൽക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാവേലിക്കരയുടെ ചരിത്രപരമായ നേട്ടവും ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കണമെന്ന നിലപാടിലാണ് ലയന നീക്കത്തിനെതിരെ ഇടപെട്ടതെന്ന് എംപി വ്യക്തമാക്കി. തപാൽ ഡിവിഷന്റെ തുടർപ്രവർത്തനം സംബന്ധിച്ച് വ്യക്തത ലഭിച്ചത് മാവേലിക്കരയുടെ പൈതൃകവും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനും മാവേലിക്കരയുടെ പ്രാധാന്യം നിലനിർത്തുന്നതിനുമുള്ള ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.