You are currently viewing ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കി കേരള പൊലീസ്; 72 മണിക്കൂറിൽ 60 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി

‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കി കേരള പൊലീസ്; 72 മണിക്കൂറിൽ 60 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി

സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കി കേരള പൊലീസ്. ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി 72 മണിക്കൂറിനുള്ളിൽ 60 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയ വിദേശ പൗരന്മാരായ സാമുവൽ ക്ലിഫ്സൺ ഒക്‌ഫോറിനെ ഡൽഹിയിൽ നിന്നും എൽസീന സന്താൻ സൂസനെ ബെംഗളൂരുവിൽ നിന്നുമാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗവും വിതരണവും വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പൊലീസ് സേനയുടെ പ്രവർത്തനങ്ങളെ ചെന്നിത്തല അഭിനന്ദിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് സിനിമ-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പിന്തുണയും നിർണായകമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമീപ ദിവസങ്ങളിൽ നിരവധി കലാകാരന്മാർ ഈ ദൗത്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ സന്തോഷം രേഖപ്പെടുത്തി.

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സംഘവുമായി കേരള പൊലീസ് സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടൻ ഉണ്ണി മുകുന്ദന്റെ സാമൂഹിക ഇടപെടലിനെയും അദ്ദേഹം പ്രശംസിച്ചു.

ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡുകളും ‘തൂഫാൻ ഇന്റലിജൻസ്’ സംഘവും ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായി ശക്തമായ അന്വേഷണം നടത്തിവരികയാണ്. വിദ്യാലയ പരിസരങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രഹസ്യ വിവരങ്ങൾ കൈമാറാൻ പൊലീസ് ഹെൽപ്‌ലൈൻ നമ്പറുകളായ 9497979794, 9497927797 എന്നിവയിലും വാട്‌സ്ആപ്പ് നമ്പറായ 9995966666-ലും ബന്ധപ്പെടാമെന്ന് അറിയിച്ചു. വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Leave a Reply