
മലയാറ്റൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസീയർ മരിച്ചു. മലയാറ്റൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസീയറായ സിദ്ദിഖ് സി.ബി. (46) ആണ് മരിച്ചത്.
വാഹനമിടിച്ച് തകർന്ന വൈദ്യുതി പോസ്റ്റ് പുനഃസ്ഥാപിക്കുന്ന ജോലിയിലായിരുന്നു മലയാറ്റൂർ സെക്ഷൻ ഓഫീസിലെ ജീവനക്കാർ. പോസ്റ്റ് പുനഃസ്ഥാപിച്ച ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി സബ്സ്റ്റേഷൻ പരിസരത്തെ എ.ബി. സ്വിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചെറിയ തകരാർ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് എ.ബി. സ്വിച്ചിലെ തകരാർ പരിഹരിക്കുന്നതിനിടെ സഹപ്രവർത്തകൻ പോസ്റ്റിന് മുകളിൽ അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകാനും സുരക്ഷിതമായി താഴെയിറക്കാനുമായി സിദ്ദിഖ് ശ്രമിക്കുന്നതിനിടെയാണ് പോസ്റ്റിൽനിന്ന് താഴേക്ക് വീണത്.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട സഹപ്രവർത്തകൻ അപകടനില തരണം ചെയ്തിട്ടുണ്ട്.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നതായാണ് വിവരം. വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായാണ് പ്രാഥമിക വിവരം. സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവൻ നഷ്ടമായ സിദ്ദിഖിന്റെ വിയോഗം കെഎസ്ഇബി ജീവനക്കാർക്കിടയിൽ വലിയ ദുഃഖമുണ്ടാക്കി.