
കേരളത്തിലെ നാല് പ്രധാന ട്രെയിനുകൾക്ക് ആധുനിക എൽഎച്ച്ബി (LHB) കോച്ചുകൾ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കിയതായി കൊടിക്കുന്നിൽ സുരേഷ് എംപി. സ്ഥിരം റെയിൽവേ യാത്രക്കാർ നേരിടുന്ന യാത്രാദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനായി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ കോച്ചുകളുമായി ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംപി അറിയിച്ചു.

രാജ്യറാണി എക്സ്പ്രസിന് ആദ്യഘട്ടത്തിൽ 15 എൽഎച്ച്ബി കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കോച്ചുകളുടെ എണ്ണം 22 ആയി ഉയർത്തും. അമൃത, മാവേലി, മലബാർ എക്സ്പ്രസുകൾക്ക് 22 എൽഎച്ച്ബി കോച്ചുകൾ വീതവും അനുവദിച്ചിട്ടുണ്ട്.
രാജ്യറാണി എക്സ്പ്രസിൽ അധികമായി ഒരു ഫസ്റ്റ് എസി കോച്ച് കൂടി അനുവദിക്കണമെന്ന ആവശ്യവും റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി
കഴിഞ്ഞ പാർലമെന്റ് സമ്മേളനകാലത്ത് റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ട്രെയിനുകളിലെ കോച്ചുകളുടെ ശോചനീയാവസ്ഥ ചിത്രങ്ങൾ സഹിതം അവതരിപ്പിച്ചിരുന്നുവെന്ന് എംപി പറഞ്ഞു. റെയിൽവേ ബോർഡ് ചെയർമാന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിരുന്നു.
തുടർന്ന് 60 ദിവസത്തെ ടിക്കറ്റ് ബുക്കിങ് കാലയളവിനുള്ളിൽ പുതിയ കോച്ചുകൾ അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇപ്പോൾ റെയിൽവേ ബോർഡിന്റെ ഉത്തരവ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ റെയിൽവേ മന്ത്രിയിൽനിന്ന് അനുകൂല തീരുമാനം ലഭിച്ച വിവരം ഓഗസ്റ്റ് അഞ്ചിന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നതായും എംപി പറഞ്ഞു.
കേരളത്തിലെ റെയിൽവേ വികസനത്തിനായി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം റെയിൽവേ ബോർഡിൽനിന്ന് ലഭ്യമാക്കാമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിലും ബോർഡിലും നടത്തിയ ഇടപെടലുകളുടെ രേഖകൾ പരിശോധിച്ച് വസ്തുതകൾ മനസ്സിലാക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതകൾ പരിശോധിക്കുന്നതിന് പകരം വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയായ സമീപനമല്ലെന്നും എംപി അഭിപ്രായപ്പെട്ടു.
കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി റെയിൽവേ മന്ത്രാലയത്തിലും ബോർഡിലും ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.