You are currently viewing തിരുവനന്തപുരം–നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് എൽ.എച്ച്.ബി കോച്ചുകൾ; ഡിസംബർ 31 മുതൽ പുതിയ മാറ്റം

തിരുവനന്തപുരം–നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് എൽ.എച്ച്.ബി കോച്ചുകൾ; ഡിസംബർ 31 മുതൽ പുതിയ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ റോഡ്–തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് ട്രെയിനുകൾക്ക് എൽ.എച്ച്.ബി (ലിങ്കെ ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഏർപ്പെടുത്തുന്നു. യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ ട്രെയിനുകളുടെ പരമ്പരാഗത കോച്ചുകൾ മാറ്റി ആധുനിക എൽ.എച്ച്.ബി കോച്ചുകൾ ഉൾപ്പെടുത്തുന്നത്.

16349-ാം നമ്പർ തിരുവനന്തപുരം നോർത്ത്–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 2026 ഡിസംബർ 31 മുതൽ എൽ.എച്ച്.ബി കോച്ചുകളുമായി സർവീസ് നടത്തും. 16350-ാം നമ്പർ നിലമ്പൂർ റോഡ്–തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിൽ 2027 ജനുവരി ഒന്നുമുതലാണ് പുതിയ കോച്ചുകൾ നിലവിൽ വരിക.

പുതിയ കോച്ചുകൾ ഉൾപ്പെടുത്തുന്നതോടെ ട്രെയിനിന്റെ കോച്ച് ഘടനയിലും മാറ്റമുണ്ടാകും. ഒരു എ.സി. ടു ടയർ കോച്ച്, രണ്ട് എ.സി. ത്രീ ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് പുതിയ ക്രമീകരണത്തിൽ ഉണ്ടാകുക.

ഇതിനുപുറമെ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളുള്ള ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചും ഒരു ജനറേറ്റർ കാർ കോച്ചും ഉൾപ്പെടുത്തും. ആകെ 15 കോച്ചുകളാണ് പുതിയ ഘടനയിലുണ്ടാകുക.

പരമ്പരാഗത കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷയും മെച്ചപ്പെട്ട യാത്രാസൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് രാജ്യറാണി എക്സ്പ്രസിൽ എൽ.എച്ച്.ബി കോച്ചുകൾ ഏർപ്പെടുത്തുന്നത്. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

Leave a Reply