You are currently viewing എൽഎൻജി കയറ്റുമതി 96% ഇടിഞ്ഞു; അമേരിക്കയിലേക്ക് തിരിഞ്ഞ് ഖത്തർ

എൽഎൻജി കയറ്റുമതി 96% ഇടിഞ്ഞു; അമേരിക്കയിലേക്ക് തിരിഞ്ഞ് ഖത്തർ

അമേരിക്കയിൽ നിന്ന് ദീർഘകാലാടിസ്ഥാനത്തിൽ ദ്രവീകൃത പ്രകൃതി വാതകം (LNG) ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകൾക്കായി ഖത്തർ ചർച്ചകൾ നടത്തുന്നു. ഖത്തറിന്റെ എൽഎൻജി കയറ്റുമതി കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ നീക്കം.

കഴിഞ്ഞ ആറ് മാസത്തിനിടെ ഖത്തറിൽ നിന്നുള്ള എൽഎൻജി കയറ്റുമതി 96 ശതമാനം കുറഞ്ഞതായാണ് കണക്ക്. നേരത്തെ 509 എൽഎൻജി ചരക്ക് കപ്പലുകൾ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് 18 കപ്പലുകൾ മാത്രമാണ് കയറ്റുമതി ചെയ്യാനായത്. ഇതുവഴി ഏകദേശം 24 ബില്യൺ ഡോളറിന്റെ വരുമാന നഷ്ടമാണ് ഖത്തറിനുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

2026ന്റെ തുടക്കത്തിൽ ആരംഭിച്ച അമേരിക്ക–ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. റാസ് ലഫാൻ എൽഎൻജി കേന്ദ്രങ്ങളിലുണ്ടായ ഇറാനിയൻ ആക്രമണവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമല്ലാതായതുമാണ് ഖത്തറിന്റെ കയറ്റുമതിയെ ഗുരുതരമായി ബാധിച്ചത്. ഇതോടെ ഏഷ്യയിലെയും യൂറോപ്പിലെയും ഉപഭോക്താക്കളുമായുള്ള നിലവിലെ വിതരണ കരാറുകളിൽ ഖത്തർ ‘ഫോഴ്‌സ് മജ്യൂർ’ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി.

ഖത്തറിന്റെ ഉപഭോക്താക്കൾക്ക് ആവശ്യമായ എൽഎൻജി വിതരണം ചെയ്യുന്നതിൽ ഇതോടെ അമേരിക്കൻ കയറ്റുമതിക്കാർക്ക് വലിയ അവസരം ലഭിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഗോൾഡൻ പാസ് പോലുള്ള എൽഎൻജി പദ്ധതികളിലെ ഖത്തറിന്റെ നിക്ഷേപ പങ്കാളിത്തം പുതിയ സാഹചര്യത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ലോകത്തെ പ്രധാന എൽഎൻജി വിതരണക്കാരിലൊന്നായ ഖത്തറിന് ദീർഘകാല കരാറുകൾ നിലനിർത്തുന്നതും വിശ്വസനീയ വിതരണക്കാരെന്ന പ്രതിച്ഛായ സംരക്ഷിക്കുന്നതും നിർണായകമാണ്. അതിനാൽ ആഭ്യന്തര ഉൽപ്പാദനം സാധാരണ നിലയിലാകുന്നതുവരെ അമേരിക്കൻ എൽഎൻജി ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് ഖത്തർ ശ്രമിക്കുന്നത്.

Leave a Reply