
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജിനെയും വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയയെയും 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് കോളേജ് അധികൃതരുടെ നടപടി.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ചാണ് ഇരുവരും ചടങ്ങിനിടെ മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. സംഭവത്തിൽ കോളേജ് അധികൃതർ നടപടിയെടുക്കുകയായിരുന്നു.

പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് ഇരുവരെയും 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
അതേസമയം, സസ്പെൻഷൻ നടപടിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ പ്രതിഷേധം ആരംഭിച്ചു. നടപടിക്കെതിരെ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.