
ഒമാനിൽ വാദിയിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഒമാൻ സൂറിന് സമീപമുള്ള വാദി ഷാബിൽ നടന്ന അപകടത്തിലാണ് പത്തനംതിട്ട പന്തളം അങ്ങാടിക്കൽ സൗത്ത് സ്വദേശിയായ ആകർഷ് (22) മരിച്ചത്.

പന്തളം അങ്ങാടിക്കൽ സൗത്തിലെ വൈശാഖിൽ കുടുംബാംഗമായ ആകർഷ് സന്ദർശക വിസയിൽ ഒമാനിലെത്തിയതായിരുന്നു. മസ്കത്തിലെ ഗ്ലോബൽ എക്സ്ചേഞ്ച് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. വാദിയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. യുവാവിന്റെ നിര്യാണം നാട്ടിൽ ദുഃഖമായി.