You are currently viewing ലോകമെങ്ങും തിരുവോണം ആഘോഷിച്ച് മലയാളികൾ; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ലോകമെങ്ങും തിരുവോണം ആഘോഷിച്ച് മലയാളികൾ; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. മഹാബലി തമ്പുരാനെ വരവേൽക്കുന്നതിനായി ഒരുക്കുന്ന പരമ്പരാഗത പൂക്കളമൊരുക്കിയാണ് വീടുകളിലും വിവിധ കേന്ദ്രങ്ങളിലും ഓണാഘോഷങ്ങൾക്ക് തുടക്കമായത്.

ജാതി-മത ഭേദമന്യേ മലയാളികൾ ഒന്നിച്ചാഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ഓണം. തിരുവോണത്തോടനുബന്ധിച്ച് ശബരിമല, ആറന്മുള, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. പരമ്പരാഗത ഓണസദ്യയും തിരുവോണത്തിന്റെ പ്രധാന ആകർഷണമായി തുടരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചയോടെ ഔദ്യോഗിക ആഘോഷങ്ങളുൾപ്പെടെ ആയിരക്കണക്കിന് സാംസ്കാരിക പരിപാടികളും പരമ്പരാഗത കായിക വിനോദങ്ങളും അരങ്ങേറും. മഴ തുടരുന്നതിനിടയിലും സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

തിരുവോണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്നും സന്തോഷത്തിന്റെയും ഒരുമയുടെയും സമൃദ്ധിയുടെയും മനോഭാവം കൂടുതൽ ശക്തിപ്പെടുത്താൻ ഓണത്തിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി സാമൂഹികമാധ്യമ കുറിപ്പിലൂടെ ആശംസിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളീയർക്ക് ഓണാശംസകൾ നേർന്നു. ഈ സന്തോഷത്തിന്റെ ആഘോഷം എല്ലാവർക്കും സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഒരു വർഷത്തിന് തുടക്കമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Leave a Reply