You are currently viewing മണ്ഡല-മകരവിളക്ക് തീർത്ഥാടനം: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കും

മണ്ഡല-മകരവിളക്ക് തീർത്ഥാടനം: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കും

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമായതായി ആന്റോ ആന്റണി എംപി അറിയിച്ചു. റെയിൽവേ ബോർഡ് മെമ്പർ (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) ഹരിശങ്കർ വർമ്മയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്.

ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കുമെന്ന് റെയിൽവേ ബോർഡ് അധികൃതർ ഉറപ്പുനൽകിയതായി എംപി വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലേക്കെത്തുന്ന തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന തീരുമാനമാണിത്.

അതേസമയം, തീർത്ഥാടന കാലയളവിൽ മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തരുതെന്നും തിരുവല്ല വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും തുടർന്നും സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു. തിരുവല്ല റെയിൽവേ സ്റ്റേഷനെ പ്രധാന ‘തീർത്ഥാടന റെയിൽവേ സ്റ്റേഷൻ’ ആയി പ്രഖ്യാപിക്കണമെന്നും അദ്ദേഹം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യം സ്ഥിരമായി നടപ്പിലായാൽ പത്തനംതിട്ട ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്കും ശബരിമല തീർത്ഥാടകർക്കും വലിയ ആശ്വാസമാകും.

Leave a Reply