കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ രണ്ടുവയസുകാരൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്.
ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായെന്നാണ് വിവരം. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.
എന്നാൽ ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു.
സംഭവത്തിൽ ചികിത്സാ നടപടികളുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.