തിരുവനന്തപുരം: മെഡിക്കൽ ഷോപ്പുകളിൽ രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ നിർബന്ധിത സാന്നിധ്യം ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകൾക്കിടെ, നിലവിലെ നിയമവ്യവസ്ഥയിൽ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം എംപി സ്വാഗതം ചെയ്തത്. രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ നിർബന്ധിത സാന്നിധ്യം ഒഴിവാക്കുമെന്ന വാർത്തകൾ പൊതുജനങ്ങൾക്കും ഫാർമസി മേഖലയ്ക്കും ആശങ്ക സൃഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെൽഫ് എംപ്ലോയ്ഡ് ഫാർമസിസ്റ്റ് അസോസിയേഷൻ ഓഫ് കേരള (സെപാക്) പ്രവർത്തകർ വിഷയം തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ഔദ്യോഗികമായി വിശദീകരണം തേടിയതായും അദ്ദേഹം വ്യക്തമാക്കി.
മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിൽ,ഡ്രഗ്സ് റൂൾസ്, 1945 പ്രകാരമുള്ള പരിമിതമായ നിയന്ത്രിത ലൈസൻസ് വ്യവസ്ഥകൾ ഒഴികെ, സാധാരണ മെഡിക്കൽ ഷോപ്പുകളിൽ രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ സേവനം രോഗികളുടെ സുരക്ഷയ്ക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനും അനിവാര്യമാണെന്ന് വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും, പൊതുജനാരോഗ്യവും മരുന്നുകളുടെ സുരക്ഷിത വിതരണവും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഈ വിഷയം തന്റെ ശ്രദ്ധയിൽപ്പെടുത്തിയ സെപാക് പ്രവർത്തകർക്കും ആശങ്ക പങ്കുവെച്ച ഫാർമസിസ്റ്റ് സമൂഹത്തിനും എംപി നന്ദി രേഖപ്പെടുത്തി.