
കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ ചുമട്ടുതൊഴിലാളി ബഷീറിന്റെ വസതി സന്ദർശിച്ച് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സർക്കാരിന്റെ പൂർണ പിന്തുണ കുടുംബത്തിനുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായത്തിൽ അഞ്ച് ലക്ഷം രൂപ നേരത്തേ കുടുംബത്തിന് കൈമാറിയതായി മന്ത്രി അറിയിച്ചു. ശേഷിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വന്യമൃഗ-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായി സമഗ്രമായ പ്രവർത്തനപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളുടെ പ്രസിഡന്റുമാരുടെ യോഗം വിളിച്ചുചേർത്ത് പ്രതിരോധ-നിരീക്ഷണ സംവിധാനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനുള്ള വിവിധ പദ്ധതികൾക്കായി ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ 192 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുളത്തൂപ്പുഴ വനമേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സോളാർ വേലി സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും, വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി മേഖലയിലെ രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാജി കുമാർ, അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.